റാസൽഖൈമ– ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലുണ്ടായ ബസ്-ട്രക്ക് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡി.എൻ.എ പരിശോധനാ നടപടികൾ ഊർജിതമാക്കി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ പ്രിയപ്പെട്ടവരുടെ ഉപയോഗിച്ച വസ്ത്രങ്ങൾ, ചീർപ്പുകൾ, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ ഡി.എൻ.എ സാമ്പിളുകൾക്കായി റാസൽഖൈമ പോലീസ് ആസ്ഥാനത്തെത്തി കൈമാറി.
അപകടത്തിൽ മരിച്ച 13 പേരിൽ നാല് മലയാളികളെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉമ്മുൽ ഖുവൈനിൽ സോഫ്റ്റ് ഡ്രിങ്ക് വിതരണ ബിസിനസ് നടത്തിയിരുന്ന അഷ്റഫ് കൊളങ്ങരടി അറ്റെങ്ങാനം (53), മുഹമ്മദ് ആഷിക് (29), മെക്കാനിക്കൽ എൻജിനീയറായ ഹേമന്ത് പുതിയ കാവിൽ (29), കമ്പ്യൂട്ടർ സയൻസ് എൻജിനീയറായ സങ്കീർത്ത സുരേഷ് (26) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ രേഖകൾ, പേഴ്സുകൾ, ഐ.ഡി കാർഡുകൾ എന്നിവ വഴിയാണ് ഇവരെ തിരിച്ചറിഞ്ഞതെങ്കിലും, ഡി.എൻ.എ പരിശോധനാ ഫലം പൂർത്തിയായ ശേഷം മാത്രമേ മൃതദേഹങ്ങൾ വിട്ടുനൽകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.
റാസൽഖൈമ ബസപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായിനടപടികൾ പുരോഗമിക്കുന്നു
ബുധനാഴ്ച തന്നെ ചില കുടുംബങ്ങൾ പോലീസ് ആസ്ഥാനത്തെത്തി ഡി.എൻ.എ സാമ്പിളുകൾ നൽകിയിരുന്നു. ബാക്കിയുള്ളവരോട് വ്യാഴാഴ്ച രാവിലെ എത്താൻ സാമൂഹിക പ്രവർത്തകരും ട്രാവൽ ഏജൻസികളും നിർദേശിച്ചിരുന്നു. മരിച്ചവരിൽ ഒരാളുടെ കുടുംബം യു.എ.ഇയിൽ ഇല്ലാത്തതിനാൽ അവരെ നാട്ടിൽ നിന്ന് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡി.എൻ.എ ഫലം വന്ന് എല്ലാവരെയും നൂറു ശതമാനം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനോ യു.എ.ഇയിൽ സംസ്കരിക്കാനോ സാധിക്കുകയുള്ളൂ.
ദുരന്തത്തിന്റെ പശ്ചാത്തലം
നവംബർ 24 ചൊവ്വാഴ്ച പുലർച്ചെ അൽവതൻ റോഡിലായിരുന്നു അപകടം. 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ്, തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 13 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിസ നടപടികൾ പൂർത്തിയാക്കി ഒമാനിൽ നിന്ന് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. വിസിറ്റ് വിസയിൽ എത്തിയവരും പുതിയ തൊഴിൽ വിസയ്ക്കായി കാത്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. മരിച്ചവരിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായാണ് വിവരം.
നയതന്ത്ര കാര്യാലയങ്ങളും പ്രാദേശിക അധികൃതരും സാമൂഹിക പ്രവർത്തകരും ഏകോപിപ്പിച്ചാണ് സഹായപ്രവർത്തനങ്ങൾ നടത്തുന്നത്. സഹായങ്ങൾക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ-ഫ്രീ ഹെൽപ്പ് ലൈൻ (800-46342) സജ്ജമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ യു.എ.ഇയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ റോഡപകടമാണിത്.



