കുവൈത്ത് സിറ്റി– പ്രവേശന വിലക്ക് ലംഘിച്ച് ഉമ്മു ഗുദൈർ പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന ആറ് വാഹനങ്ങൾ പിടിച്ചെടുത്ത അധികൃതർ, കടുത്ത നടപടിയുടെ ഭാഗമായി ഇവ പൂർണ്ണമായും തകർത്തു.
സംരക്ഷണ മേഖലയ്ക്കുള്ളിലേക്ക് വാഹനങ്ങളുമായി കടന്നുകയറിയ സംഘം, അവിടുത്തെ പരിസ്ഥിതിക്ക് നാശനഷ്ടങ്ങൾ വരുത്തുകയും വന്യജീവികളെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും ആറ് പക്ഷികളെയും കണ്ടെടുത്തു. പിടിച്ചെടുത്ത പക്ഷികളെ പിന്നീട് അധികൃതർ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തന്നെ തിരികെ തുറന്നുവിട്ടു.

പരിസ്ഥിതി നിയമലംഘനത്തിനും അതിക്രമിച്ചു കയറിയതിനും അറസ്റ്റിലായ പ്രതികളെ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇവർക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
നിയമലംഘകർക്കെതിരെ കർശന മുന്നറിയിപ്പ്
പ്രകൃതി സംരക്ഷണ മേഖലകളിലെ നിയമലംഘനങ്ങൾ തടയുന്നതിനായി ഫീൽഡ് പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രവേശന വിലക്ക് ലംഘിക്കുന്നവർക്കും പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നവർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്തതും കർശനവുമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.



