റിയാദ്- ഐ.എസ്.എം സംഘടിപ്പിക്കുന്ന ‘മുഹമ്മദ് നബി (സ): മാനവമൂല്യങ്ങളുടെ നേർസാക്ഷ്യം’ എന്ന പ്രമേയത്തിലുള്ള ക്യാമ്പിന്റെ ഭാഗമായി റിയാദ് സലഫി മദ്റസയിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. പ്രവാചകന്റെ ജീവിതവും സന്ദേശങ്ങളും സമകാലിക സമൂഹത്തിൽ ഉയർത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
മദ്റസ മാനേജർ അബ്ദുൽ വഹാബ് പാലത്തിങ്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മനുഷ്യസമൂഹത്തിന് എക്കാലത്തും മാതൃകയാക്കാവുന്ന ജീവിതദർശനമാണ് പ്രവാചകൻ മുഹമ്മദ് നബി (സ) ലോകത്തിന് സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാലഘട്ടങ്ങൾ മാറിയാലും പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ല. ലോകം ഇന്ന് പ്രവാചകന്റെ ജീവിതമാതൃകയെ കൂടുതൽ അടുത്തറിയാനും അതിലെ മാനവിക സന്ദേശങ്ങൾ ഉൾക്കൊള്ളാനും താൽപര്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ പ്രവാചകന്റെ ജീവിതപാഠങ്ങൾ കേവലം പഠനവിഷയങ്ങളായി ഒതുക്കാതെ വ്യക്തിജീവിതത്തിലും കുടുംബത്തിലും സാമൂഹിക ഇടപെടലുകളിലും പ്രാവർത്തികമാക്കാൻ വിശ്വാസികൾ തയ്യാറാകണം. മൂല്യാധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ സമൂഹത്തിൽ സ്നേഹവും കാരുണ്യവും നീതിബോധവും പരസ്പര ബഹുമാനവും വളർത്തിയെടുക്കാൻ കഴിയൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ജലീൽ മുണ്ടോടൻ, ശറഫു പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്യാമ്പിന്റെ പ്രമേയത്തെ ആസ്പദമാക്കി ബഷീർ സ്വലാഹി വിഷയാവതരണം നടത്തി. പ്രവാചകന്റെ ജീവിതത്തിലെ മാതൃകകളും അധ്യാപനങ്ങളും സമകാലിക ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി സ്വാഗതം ആശംസിച്ചു. ബാസിൽ പുളിക്കൽ നന്ദി പ്രകാശിപ്പിച്ചു.
മുജീബ് ഇരുമ്പുഴി, മിദ്ലാജ് സ്വലാഹി, ഇഖ്ബാൽ വേങ്ങ, ഹനീഫ മാസ്റ്റർ, ഹാഫിള് ബന്ന സ്വബാഹ്, വാജിദ് കരിപ്പൂർ, റജീന ടീച്ചർ, റുക്സാന, റംല, ജുമൈല, റസീന, സിൽസില എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



