ഷാര്‍ജ– യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബം അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം റിക്കവറി റൂമില്‍ സുഖം പ്രാപിച്ചുവരുന്നതായി മകളും ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണുമായ ശൈഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ഖാസിമി ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു. ശസ്ത്രക്രിയ വിജയകരമാകുന്നതിനും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനുമായി പ്രാര്‍ഥിക്കണമെന്ന് അവര്‍ നേരത്തെ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പിതാവിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവര്ക്കും അവര്‍ ഹൃദയംഗമമായ നന്ദി അറിയിച്ചു.
ചെറിയൊരു ശസ്ത്രക്രിയ മാത്രമായിരുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭരണാധികാരിയുടെ പത്നിയും ഷാര്‍ജ ഫാമിലി ആന്റ് കമ്മ്യൂണിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണുമായ ശൈഖ ജവാഹിര്‍ ബിന്ത് മുഹമ്മദ് അല്‍ഖാസിമി ‘എക്സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ദൈവകൃപയാല്‍ അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ആശംസകള്‍ നേര്‍ന്ന ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ശൈഖ ജവാഹിര്‍ വ്യക്തമാക്കി.



