ബാലാഘട്ട്: ദീപാവലി ആഘോഷത്തിനായി നാട്ടിലെത്തിയ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരിയെ വനമേഖലയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പൂനെ വിമാനത്താവളത്തിലെ ഇൻഡിഗോ ടിക്കറ്റ് കൗണ്ടർ ജീവനക്കാരിയായിരുന്ന വർഷ തുർക്കർ (35) ആണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്ള ബോന്ദ്രാണി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വർഷയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിതേഷ് അഗർവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
രണ്ടര വയസ്സുള്ള മകൾക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനായാണ് വർഷ മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള സ്വന്തം വീട്ടിലെത്തിയത്. 2024-ലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവ് നിലവിൽ ഇൻഡോറിലാണ് താമസിക്കുന്നത്. മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയ ബോന്ദ്രാണി വനമേഖല സ്ഥിതി ചെയ്യുന്നത്.
ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വർഷ സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം വെയ്ൻഗംഗ നദീതീരത്തേക്ക് പോയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷം നിതേഷ് തന്നെയാണ് വർഷയുടെ കുടുംബത്തെ വിവരമറിയിച്ചത്. ബന്ധുക്കൾ സ്ഥലത്തെത്തുമ്പോൾ വർഷ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സ്ഥിരീകരിച്ചു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് വർഷയെ ആക്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതസംഘം തങ്ങളെ ആക്രമിച്ച് കൊള്ളയടിച്ചുവെന്നാണ് നിതേഷ് പോലീസിന് നൽകിയ മൊഴി. എന്നാൽ, ഇത്രയും വലിയൊരു ആക്രമണം നടന്നിട്ടും നിതേഷിന് ചെറിയൊരു പോറൽ പോലും ഏൽക്കാത്തത് പോലീസിൽ സംശയമുണർത്തിയിട്ടുണ്ട്. നിതേഷിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ കണക്കിലെടുത്ത് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
“അവൾ എന്റെ മൂത്ത മകളായിരുന്നു. സംഭവം നടന്നതിന് ശേഷമാണ് ഞാൻ വിവരമറിയുന്നത്,” വർഷയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മരണത്തിന്റെ കൃത്യമായ കാരണം, കവർച്ച നടന്നുവെന്ന ആരോപണത്തിന് പിന്നിലെ സത്യാവസ്ഥ, അക്രമികൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കൊലപാതകമടക്കമുള്ള എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.



