ഷാർജ- അന്താരാഷ്ട്ര പുസ്തകമേളയിൽ യുവത ബുക്ക് ഹൗസിന്റെ ആഭിമുഖ്യത്തിൽ അൽമുർഷിദ് പുസ്തക ചർച്ച സംഘടിപ്പിച്ചു.
കേരളത്തിലെ മുസ്ലിം ചിന്താലോകത്ത് പുതിയ വീക്ഷണങ്ങളും സംവാദങ്ങളും തുറന്നിട്ട അൽമുർഷിദിന്റെ ചരിത്രം, അഞ്ചുവർഷത്തെ പുതിയ പ്രയാണം, വൈജ്ഞാനിക, സാമൂഹിക, സാംസ്കാരിക ഇടപെടലുകൾ എന്നിവ ചർച്ചയിൽ വിലയിരുത്തി.
1935 ഫെബ്രുവരിയിൽ തിരൂരങ്ങാടിയിൽ നിന്ന് അറബി-മലയാളം ലിപിയിൽ പ്രസിദ്ധീകരണം ആരംഭിച്ച അൽമുർഷിദ് കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ പൗത്രൻ അബ്ദുല്ലക്കോയ തങ്ങളായിരുന്നു സ്ഥാപകൻ. കെ.എം. മൗലവിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച മാസിക 1949-ൽ പുനരാരംഭിക്കുകയും പിന്നീട് മലയാളം ലിപിയിലും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കേരളത്തിലെ മുസ്ലിം നവോത്ഥാന മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രസിദ്ധീകരണമെന്ന നിലയിൽ അൽമുർഷിദിന്റെ ചരിത്രപ്രാധാന്യവും ചർച്ചയായി.
കേരളത്തിന്റെ മത, സാമൂഹിക, സാംസ്കാരിക നവോത്ഥാനത്തിൽ പത്രമാധ്യമങ്ങൾ വഹിച്ച പങ്ക്, അൽമുർഷിദിന്റെ ഭാഷാപരമായ സൗന്ദര്യവും ആവിഷ്കാര മികവും, സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയിൽ വായനയും മാധ്യമങ്ങളും നൽകിയ സംഭാവനകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു.
എം.സി.എ. നാസർ, ഡോ. താഹിറ കല്ലുമുറിക്കൽ, അസ്മാബി അൻവാരിയ, ജമാൽ അത്തോളി, നൗഫൽ ഉമരി, പി.പി. ഖാലിദ്, ഹാറൂൻ കക്കാട്, മുനീബ നജീബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അൽമുർഷിദിന്റെ ചരിത്രവും ചിന്താപരമായ പൈതൃകവും അടയാളപ്പെടുത്തുന്നതിനൊപ്പം വായനയുടെയും ആശയസംവാദത്തിന്റെയും സാമൂഹിക പ്രസക്തി ഉയർത്തിക്കാട്ടുന്നതായി പുസ്തകചർച്ച.



