ദമാം- സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസന്നിധ്യമായ ഡോ. സിന്ധു ബിനു രചിച്ച കവിതാസമാഹാരം ‘മഴയിൽ വിരിഞ്ഞ കടലാസുപൂക്കൾ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രശസ്ത മലയാള സാഹിത്യകാരൻ പോൾ സക്കറിയ നിർവഹിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം കവർ പ്രകാശനം നടത്തിയത്.
സൗദി മലയാളി സമാജം ജനറൽ സെക്രട്ടറിയും ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡന്റും ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപികയും പ്രഭാഷകയുമായ ഡോ. സിന്ധു ബിനു വിവിധ കാലയളവുകളിലായി രചിച്ച് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കവിതകൾക്കൊപ്പം പുതിയ രചനകളും ഉൾപ്പെടെ അൻപതോളം കവിതകളടങ്ങിയ സമാഹാരമാണിത്.
കോഴിക്കോട് ഡെസ്റ്റിനി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കവർ പ്രകാശനത്തിന്റെ ഭാഗമായി നൂറുകണക്കിന് വായനക്കാരും സാഹിത്യസ്നേഹികളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ കവർ പങ്കുവെച്ച് പ്രകാശന കർമ്മത്തിൽ പങ്കാളികളായി. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനായ കവർ പ്രകാശനത്തിന് സൗദി മലയാളി സമാജം ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.



