റിയാദ്- 2012ല്‍ സൗദി അറേബ്യയിലെ അല്‍ഹസയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി നവീനിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും റിയാദ് വില്ലാസ് കമ്പനി ചെയര്മാന് സൂരജ് നഷ്ടപരിഹാരം ലഭിക്കാന്‍ ഒന്നും ചെയ്തില്ലെന്നുമുള്ള പ്രചാരണങ്ങള്‍ ദുരുപദിഷ്ടമാണെന്ന് കമ്പനി അധികൃതര്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനും നഷ്ടപരിഹാരം നേടിക്കൊടുക്കാനും ആവശ്യമായ ഇടപെടലുകള്‍ കമ്പനി നടത്തിയിട്ടുണ്ടെന്നും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം റിയാലിന്റെ ചെക്ക് നിയമപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇന്ത്യന്‍ എംബസിലുണ്ടെന്നും അവര്‍ പറഞ്ഞു. ചെയര്‍മാനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് കമ്പനി.
2012 നവംബര്‍ 15ന് അല്‍ഹസയില്‍ അഴീക്കോട് സ്വദേശി കുന്നിരിക്കന്‍ നവീന്‍ എന്ന റിയാദ് വില്ലാസ് കമ്പനി ജീവനക്കാരന് ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. റിയാദിലെ പ്രമുഖ നിര്‍മാണ കമ്പനികളിലൊന്നായ റിയാദ് വില്ലാസില്‍ 2011 ഡിസംബര്‍ 4നാണ് നവീന്‍ ജോലിക്കെത്തിയത്. ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ആശുപത്രി അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റില്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൗദിയില്‍ ഏതൊരു അസ്വാഭാവിക മരണവും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കും. അപകടസ്ഥലത്തെ ശാസ്ത്രീയ പരിശോധനകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും വിലയിരുത്തി യാതൊരു ദുരൂഹതയുമില്ലെന്ന് ഉറപ്പുവരുത്തിയാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും കമ്പനി മുഴുവന്‍ സഹായങ്ങളും ചെയ്തിരുന്നു. ഇതിന്റെ രേഖകള്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. കൂടാതെ, വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രകാരം ലഭിച്ച ഒരു ലക്ഷം റിയാലിന്റെ ചെക്ക് നിയമപരമായ നടപടികള്‍ക്കായി എംബസിക്ക് കൈമാറിയിരുന്നു. എന്നാല്‍ ചെക്കിലെഴുതിയ പേരില്‍ വന്ന പിഴവ് കാരണം പണം കൈമാറാന്‍ വൈകി. ചെക്കിലെ പേര് തിരുത്തി ഇന്ത്യന്‍ അംബാസഡറുടെ പേരില്‍ ചെക്ക് ഇഷ്യൂ ചെയ്യാന്‍ തആവുനിയ ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറിയ രേഖകളും വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.
പണം അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ എംബസിയും നോര്‍ക്കയും ഇടപെടലുകള്‍ നടത്തിയിരുന്നു. കുടുംബം നിസഹകരിച്ച വേളയിലും ഇന്‍ഷുറന്‍സ് തുക നേടി കുടുംബത്തിന് കൈമാറാന്‍ കമ്പനിയും ശ്രമിച്ചിരുന്നു. ഇക്കാര്യത്തില്‍ കുടുംബം യാതൊരു ഫോളോ അപും നടത്തിയിരുന്നില്ല. എന്നാല്‍ 13 വര്‍ഷത്തിന് ശേഷം റിയാദ് വില്ലക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശ്യവും ഗൂഢാലോചനയും സംശയിക്കുന്നതായും സംഭവത്തെ വളച്ചൊടിച്ച് സ്ഥാപനത്തിന്റെ സത്പേര് കളങ്കപ്പെടുത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും മാനേജ്മെന്റ് ആരോപിച്ചു.
മരിച്ച നവീന്റെ സൗദിയിലെ ഔദ്യോഗിക രേഖകളില്‍ വിവാഹിതന് എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ സഹോദരിയും മാതാപിതാക്കളും വിവാഹം അംഗീകരിച്ചിരുന്നില്ല. ലിവിംഗ് ടുഗതര്‍ ആയിരുന്നു എന്നാണ് വിവരം. ഒരു വര്‍ഷത്തിനിടെ രണ്ട് പ്രാവശ്യം നവീന്‍ നാട്ടില്‍ അവധിക്ക് പോയിരുന്നു. അതുകൊണ്ടുതന്നെ അവധിക്കാലങ്ങളില്‍ വീട്ടിലായിരുന്നില്ല നവീന്‍ താമസിച്ചിരുന്നത്. മരണത്തെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് ലിവിംഗ് ടുഗതറായിരുന്ന യുവതിയും അവകാശം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനുളള അന്വേഷണം നടത്തിയ തഹസീല്‍ദാര്‍ കേരള സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയിലും തുടര്‍ന്ന് റിയാദ് വില്ലാസ് കമ്പനിയിലും അന്വേഷണം നടത്തിയിരുന്നു. പേര് മാറ്റാന്‍ നല്കിയ ചെക്ക് വൈകാന്‍ ഇത്തരം ഇടപെടല്‍ കാരണമായെന്നും സംശയിക്കുന്നുണ്ട്.
നാനൂറിലേറെ തൊഴിലാളികളും ആയിരത്തിലധികം കരാര്‍ ജീവനക്കാരുമുള്ള പ്രമുഖ സ്ഥാപനത്തെയും അതിനെ നയിക്കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സ്വര്‍ണ്ണക്കടത്തെന്നും അവയവക്കടത്തെന്നും ആരോപിച്ച് രംഗത്തുവന്ന യൂട്യൂബ് ചാനലുകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ സിവിലും ക്രിമിനലുമായ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊജക്ട് മാനേജര്‍മാരായ എല്‍കെ അജിത്, സജിത് കുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഹുസൈന് അല്‍അത്താസ്, ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ സഈദ് അല്‍ഖഹ്താനി, എച്ച് ആര് മാനേജര്‍ മുസ്തഫ അല്‍ഖഹ്താനി, നസീര്‍ മുതുകുറ്റി (എച്ച് ആര് ഡിപ്പാര്‍ട്ട്മെന്റ്) എന്നിവര്‍ സംബന്ധിച്ചു.



