ഷാർജ- പ്രവാസ ജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളും ഓർമ്മകളും അടയാളപ്പെടുത്തുന്ന ‘സൂര്യകാന്തിപ്പൂക്കളെ നോക്കിനിൽക്കെ വസന്തരാത്രി മായുന്നു’ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഫേബിയൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇരുപത് എഴുത്തുകാരുടെ ഓർമ്മകളും അനുഭവങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രവാസത്തിന്റെ ചരിത്രം കേവലം ദേശാന്തരങ്ങളുടെയും തൊഴിൽ തേടിയുള്ള യാത്രകളുടെയും ചരിത്രമല്ലെന്നും, പലപ്പോഴും പറയാതെപോയ മനുഷ്യാനുഭവങ്ങളുടെയും സ്വകാര്യ ഓർമ്മകളുടെയും ചരിത്രം കൂടിയാണെന്നുമുള്ള തിരിച്ചറിവിലാണ് ഈ സമാഹാരം രൂപപ്പെട്ടിരിക്കുന്നത്. ഒരേ നഗരത്തിലും ഒരേ സാഹചര്യങ്ങളിലും ജീവിക്കുന്നവരുടെ പ്രവാസാനുഭവങ്ങൾ പോലും പരസ്പരം എത്രത്തോളം വ്യത്യസ്തമായിരിക്കാമെന്ന യാഥാർഥ്യമാണ് പുസ്തകം മുന്നോട്ടുവെക്കുന്നത്. പ്രവാസം എന്ന പൊതുസംജ്ഞയ്ക്കുള്ളിൽ ഒളിഞ്ഞുകിടക്കുന്ന വ്യക്തിഗത ജീവിതങ്ങളിലേക്കും അനുഭവലോകങ്ങളിലേക്കുമുള്ള അന്വേഷണമാണ് ഈ പുസ്തകം.
എം.വി. വനിത, കുഴൂർ വിൽസൺ, അലി പുതുപ്പൊന്നാനി, വൈ.എ. സാജിദ വെള്ളിയോടൻ, രമണി വേണുഗോപാൽ, നാസർ ഊരകം, ഇസ്മയിൽ കൂളത്ത്, നിസാർ ഇബ്രാഹിം, രാജേശ്വരി പുതുശ്ശേരി, പി. ശിവപ്രസാദ്, ഇ.കെ. ദിനേശൻ, കെ.എം. അബ്ബാസ്, പ്രവീൺ പാലക്കീൽ, സൈഫുദ്ദീൻ ആദികടലായി, രാമചന്ദ്രൻ മൊറാഴ, അനീഷ പി., റാഫി പള്ളിപ്പുറം, സബ്ന നസീർ, ദീപ സുരേന്ദ്രൻ തുടങ്ങിയവരുടെ അനുഭവക്കുറിപ്പുകളാണ് സമാഹാരത്തിലുള്ളത്.
പ്രവാസജീവിതത്തിനിടയിൽ കണ്ടുമുട്ടിയ മനുഷ്യരും ദേശങ്ങളും സംസ്കാരങ്ങളും ജീവിതസാഹചര്യങ്ങളും ഈ ഓർമ്മകളിൽ കടന്നുവരുന്നു. അറബ്, പാക്കിസ്ഥാനി, ആഫ്രിക്കൻ, ഇന്ത്യൻ തുടങ്ങി വ്യത്യസ്ത ദേശങ്ങളിൽനിന്നുള്ള മനുഷ്യരുടെ ജീവിതങ്ങൾ മലയാളികളുടെ പ്രവാസസ്മൃതികളുമായി എങ്ങനെയെല്ലാം ബന്ധപ്പെട്ടുകിടക്കുന്നു എന്നതും ഈ രചനകളിലൂടെ വായിച്ചെടുക്കാം. വ്യത്യസ്ത രാജ്യങ്ങളിലുള്ള സ്ത്രീകളും ഈ അനുഭവങ്ങളിൽ കഥാപാത്രങ്ങളായി ജീവിക്കുന്നുണ്ട്.
വ്യക്തിപരമായ അനുഭവങ്ങൾക്കപ്പുറം പ്രവാസജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പല അടരുകളിലേക്കും വെളിച്ചം വീശുന്നവയാണ് ഈ ഓർമ്മകൾ.



