ന്യൂഡൽഹി– അറേബ്യൻ ഉൾക്കടലിൽ ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എം.ടി ഫുജൈറ എനർജി’ എന്ന സൂപ്പർ ടാങ്കറിന് നേരെ ആക്രമണം. സംഭവത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റതായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
കപ്പലിൽ ഉണ്ടായിരുന്ന ആറ് ഇന്ത്യൻ നാവികരിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കൂടുതൽ വൈദ്യപരിശോധനകൾക്കായി കരയിലേക്ക് മാറ്റി. ബാക്കിയുള്ള അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 18 ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കപ്പൽ മാനേജ്മെന്റ് കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറിന് നേരെ ആക്രമണം നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്ററും അറിയിച്ചിട്ടുണ്ട്. മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



