അങ്കാറ- വൈദ്യുതി പദ്ധതികളിലെ സഹകരണം ശക്തമാക്കുന്നതിനായി സൗദി അറേബ്യയും തുർക്കിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തുർക്കിയിലെ അന്റാലിയയിൽ നടന്ന യു.എൻ കാലാവസ്ഥാ വ്യതിയാന കൺവെൻഷൻ സമ്മേളനത്തിനിടയിലാണ് കരാർ ഒപ്പിട്ടത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സാന്നിധ്യത്തിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും തുർക്കി ഊർജ മന്ത്രി അൽപാർസ്ലാന് ബൈരക്തറുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
2026 ഫെബ്രുവരി 3ന് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച്, ഒക്ടോബർ 21ന് പ്രാബല്യത്തിൽ വന്ന പുനരുപയോഗ ഊർജ സഹകരണ കരാറിന്റെ തുടർച്ചയായാണ് പുതിയ ധാരണാപത്രം.
5,000 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതി
രണ്ട് ഘട്ടങ്ങളിലായി 5,000 മെഗാവാട്ട് ശേഷിയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ വികസിപ്പിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്:
- ആദ്യ ഘട്ടം: 2,000 മെഗാവാട്ട് ശേഷിയുള്ള പദ്ധതികൾ (നിർമ്മാണ പുരോഗതിയിൽ).
- രണ്ടാം ഘട്ടം: 3,000 മെഗാവാട്ട് ശേഷിയുള്ള പദ്ധതികൾ (പ്രാരംഭ നടപടികൾ അന്തിമഘട്ടത്തിൽ).
സൗദി അറേബ്യയുടെ ഔദ്യോഗിക നിക്ഷേപ സ്ഥാപനമായ ‘അക്വാപവർ’ വഴിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
രണ്ടാം ഘട്ടത്തിൽ ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് പവർ ട്രാൻസ്മിഷൻ ശൃംഖലകളും ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങളുമുള്ള കാറ്റാടി വൈദ്യുത നിലയങ്ങളുടെ വികസനം ഉൾപ്പെടുന്നു. ഈ സഹകരണം തുർക്കിയുടെ ഗ്രിഡ് പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ-നിക്ഷേപ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനും വഴിയൊരുക്കും.



