ലണ്ടൻ– ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണിയെ തുടർന്ന് ബ്രിട്ടനിലെ വ്യോമതാവളത്തിൽ നിന്ന് അമേരിക്ക തങ്ങളുടെ ചില സൈനിക വിമാനങ്ങൾ ജർമ്മനി ഉൾപ്പെടെയുള്ള മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ബ്രിട്ടനിലെ ആർ.എ.എഫ് മിൽഡൻഹാൾ വ്യോമതാവളത്തിൽ നിന്ന് യു.എസ് വ്യോമസേനയുടെ രണ്ട് ഇന്ധന ടാങ്കർ വിമാനങ്ങൾ ജർമ്മനിയിലേക്ക് പറന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് മറ്റു ചില വിമാനങ്ങളും മാറ്റിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
ഇറാൻ ഭീഷണിയുടെ സ്വഭാവവും അത് എത്രത്തോളം ആസന്നമാണെന്നതും യു.എസ് അധികൃതർ വിശദമായി വിലയിരുത്തി വരികയാണ്. എന്നാൽ, വിവിധ ആവശ്യങ്ങൾക്കായി ഒരു താവളത്തിൽ നിന്ന് മറ്റൊന്നിലേക്ക് വിമാനങ്ങൾ മാറ്റുന്നത് സ്വാഭാവിക നടപടിയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും യു.എസ് വ്യോമസേനാ വക്താവ് വ്യക്തമാക്കി.
അതേസമയം, ബ്രിട്ടനിലെ ആർ.എ.എഫ് മിൽഡൻഹാൾ, ആർ.എ.എഫ് ലേക്കൻഹീത്ത് വ്യോമതാവളങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ബി-1 ബോംബർ വിമാനങ്ങൾ നേരത്തെ തിരിച്ചുവിളിച്ചു
ഇറാൻ പിന്തുണയുള്ള സംഘടനകൾ അമേരിക്കൻ പൈലറ്റുമാർക്ക് നേരെയും വിമാനങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ മാസം ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡിൽ നിലയുറപ്പിച്ചിരുന്ന ബി-1 ബോംബർ വിമാനങ്ങളെ പെന്റഗൺ തിരിച്ചുവിളിച്ചിരുന്നു.
തങ്ങൾക്കെതിരെ അമേരിക്കൻ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതിനുള്ള തിരിച്ചടി പശ്ചിമേഷ്യൻ മേഖലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.



