റിയാദ്– കുവൈത്തിൽ പുതിയ സൈനിക കമാൻഡ് ആസ്ഥാനം സ്ഥാപിക്കുന്നതിന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾ അനുമതി നൽകിയതായി ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി അറിയിച്ചു. ബഹ്റൈനിൽ നടക്കുന്ന ജി.സി.സി ജോയിന്റ് ഡിഫൻസ് കൗൺസിലിന്റെ 23-ാമത് പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.
മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാനും കൂട്ടായ പ്രതിരോധ ശേഷി വർധിപ്പിക്കാനും സൈനിക ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ജി.സി.സി കൂട്ടായ്മ. നിലവിൽ അംഗരാജ്യങ്ങളുടെ കൂട്ടായ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി തലസ്ഥാനമായ റിയാദ് ആസ്ഥാനമായി ഏകീകൃത സൈനിക കമാൻഡ് പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് കുവൈത്തിലും പുതിയ സൈനിക കമാൻഡ് ആസ്ഥാനം സ്ഥാപിക്കാൻ തീരുമാനം ആയിരിക്കുന്നത്.



