റിയാദ്- കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ ഒൻപതാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. ഗ്ലോബ് ലിൻ ലോജിസ്റ്റിക്സും കൊക്കൻ ബാദ്ഷായും വമ്പൻ ജയങ്ങൾ നേടിയപ്പോൾ റിബൽസ് റിയാദ്, ഗോൾഡൻ മില്ലർ റിയാദ് ടീമുകൾ വാക്കോവറിലൂടെയും വിജയം നേടി.
ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിനെതിരെ റിബൽസ് റിയാദ് വാക്കോവറിലൂടെ വിജയം നേടി. രണ്ടാം മത്സരത്തിൽ ഡി എഫ് സി റോക്ക്സ്റ്റാറിനെതിരെ ഗോൾഡൻ മില്ലർ റിയാദും വാക്കോവർ വിജയം സ്വന്തമാക്കി.
മൂന്നാം മത്സരത്തിൽ ഗ്ലോബ് ലിൻ ലോജിസ്റ്റിക്സ് 85 റൺസിന് എം സി സി 26നെ പരാജയപ്പെടുത്തി. മത്സരത്തിലെ മികച്ച താരമായി ഷബീറിനെ തെരഞ്ഞെടുത്തു.
നാലാം മത്സരത്തിൽ കൊക്കൻ ബാദ്ഷാ 88 റൺസിന് ഉസ്താദ് 11നെ തോൽപ്പിച്ചു. ഇർഫാൻ മാൻ ഓഫ് ദി മാച്ചായി.
നവാസ് സുലൈ, ഷമീം മേലേതിൽ, വിജേഷ്, ഷബി അബ്ദുസ്സലാം എന്നിവർ മത്സരങ്ങളിൽ അമ്പയർമാരായി. മണികണ്ഠൻ ചേലക്കര, നിഖിൽ റോദ എന്നിവർ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ പകുതിയോടെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബറിൽ നടക്കും.



