ജിദ്ദ- ആഗോളതലത്തിൽ തന്നെ ഇസ്ലാമിനെ സൂഫിസത്തിൻ്റെ ലേബലിൽ അവതരിപ്പിച്ച്, അവരാണ് യഥാർത്ഥ മുസ്ലിംകൾ എന്ന് പ്രചരിപ്പിച്ച് വിശ്വാസികളെ സൂഫിസത്തിൻ്റെ ആശയധാരയിൽ മയക്കിക്കിടത്താൻ ശ്രമിക്കുന്നവർ ഇസ്ലാമിൻ്റെ ശത്രുക്കളാണെന്നും സൂഫിസം അഹ്ലുസ്സുന്നക്ക് പരിചയമില്ലാത്ത വികല ആശയങ്ങളുടെയും ആചാരങ്ങളുടെയും സങ്കേതമാണെന്നും അതിന് ഇസ്ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളുമായി ബന്ധമില്ലെന്നും പ്രമുഖ പണ്ഡിതനും മദീന തൈബ സർവ്വകലാശാല മുൻ പ്രൊഫസറുമായ ഡോ. യാസിർ ബിൻ ഹംസ പ്രസ്താവിച്ചു. ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റി (ജെ.ഡി.സി.സി.) ഹയ്യു തയ്സീറിലെ സൗത് ദഅവാ സെന്ററുമായി സഹകരിച്ച് നടത്തിയ വൈജ്ഞാനിക സംഗമത്തിൽ ‘സൂഫിസം; അഹ്ലുസ്സുന്നയുടെ നിലപാട്’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും ഭരണകൂടത്തിൻ്റെയടക്കം ഒത്താശയോടെ സൂഫിസത്തെ വളർത്തിക്കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പ്രമാണങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് ദുർവ്യാഖ്യാനിച്ച് പ്രമാണവിരുദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആട്ടവും പാട്ടും സംഗീതവും ലഹരിയും കോർത്തിണക്കി സ്രഷ്ടാവും സൃഷ്ടിയും ഒന്നാണെന്ന അദ്വൈദ സിദ്ധാന്തത്തിലേക്ക് വിശ്വാസികളെ വഴിനടത്താൻ ശ്രമിക്കുന്ന ആധുനിക സൂഫിസത്തെ വെള്ളപൂശാൻ ശ്രമിക്കുന്നവർ പൂർവസൂരികളുടെ മാർഗത്തെയാണ് നിഷേധിക്കാൻ ശ്രമിക്കുന്നത്. ഈ കാലഘട്ടത്തിൽ ഞാൻ സൂഫിയാണെന്ന് വാദിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നവർക്ക് സലഫികളാണെന്ന് പറയാൻ യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥത്തിൽ സൂഫി എന്ന പ്രയോഗം പോലും ഫിലോസഫിയുമായി യാതൊരു ബന്ധവുമില്ലാത്തതും മുൻകാലങ്ങളിൽ ജീവിച്ച ഇത്തരം വികലവിശ്വാസം പേറുന്നവർ ഭൗതികവിരക്തി പ്രകടമാക്കാൻ സ്ഥിരമായി സൂഫ് (കമ്പിളി) വസ്ത്രങ്ങൾ മാത്രം ധരിക്കുകയും അതടിസ്ഥാനത്തിൽ സൂഫ് അഥവാ കമ്പിളി എന്ന പദത്തിലേക്ക് ചേർത്തി വിളിക്കപ്പെട്ടതാണെന്നും ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയെ പോലുള്ള പണ്ഡിതന്മാരുടെ ഉദ്ധരണികൾ സാക്ഷ്യപ്പെടുത്തി അദ്ദേഹം വിശദീകരിച്ചു.
വിശ്വാസികൾക്കിടയിൽ തീർത്തും പ്രമാണ വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിച്ച, ഹിജ്റ 600കളിൽ ജീവിച്ച പല സൂഫീ പണ്ഡിതന്മാരെയും ഇസ്ലാമിൻ്റെ മുഖ്യധാരാ പണ്ഡിതന്മാരായി പരിചയപ്പെടുത്താൻ ശ്രമിക്കുകയാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്ലാമിൻ്റെ കൊടിയ ശത്രുവായിരുന്ന ഫിർഔനിനെപോലും യഥാർത്ഥ വിശ്വാസിയാണെന്ന് പരിചയപ്പെടുത്തിയവരാണ് ഇത്തരം സൂഫികൾ. അദ്ദേഹം തുടർന്നു.
പ്രവാചകനും സ്വഹാബതും ജീവിച്ചുകാണിച്ച മാർഗമാണ് അഹ്ലുസ്സുന്നയുടെ വിശ്വാസ ധാരയെന്നും ആ മാർഗത്തിലൂടെ മാത്രമെ യഥാർത്ഥ വിശ്വാസത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുകയുള്ളൂവെന്നും സൂഫിസമെന്ന ഓമനപ്പേരിട്ട് ഇസ്ലാമിൻ്റെ പേരിൽ പുതിയ ലിബറൽ ചിന്തകൾ ഇസ്ലാമിലേക്ക് കടത്തിക്കൂട്ടാൻ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ് യാഥാർഥ്യം മനസ്സിലാക്കാൻ ശ്രമിക്കുകയും ശരിയായ വിശ്വാസത്തിലേക്ക് മടങ്ങുകയും ചെയ്യണമെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.
സൗത് ദഅവാ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തൈസീർ ജാലിയാത് ദഅവാ വിഭാഗം മേധാവി ശൈഖ് സഈദ് ഉദ്ഘാടനം ചെയ്തു. ജെ.ഡി.സി.സി. പ്രസിഡണ്ട് സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. അനസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി ആമുഖ ഭാഷണം നിർവഹിച്ചു. സൽമാൻ ബാലുശ്ശേരി, യൂസുഫ് ചോലക്കൽ, നൗഫൽ പീടിയേക്കൽ, അബ്ദുൽ ജബ്ബാർ തിരൂരങ്ങാടി, അബ്ദുൽ ഗനി ചെംനാട്, റൗനഖ് പുത്തൂർ പള്ളിക്കൽ, അബ്ബാസ് പുൽപ്പറ്റ, സത്താർ അൽ ഹികമി തുടങ്ങിയവർ നേതൃത്തം നൽകി ജെ.ഡി.സി.സി. ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് നന്ദി പറഞ്ഞു.



