ജിദ്ദ- മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ, പ്രത്യേകിച്ച് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉണ്ടായ പ്രയാസകരമായ അവസ്ഥയിൽ പ്രവാസികളുടെ യാത്ര സുഗമമാക്കാൻ മുന്നിൽ നിൽക്കേണ്ട ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ കൂട്ടത്തോടെ നിർത്തിവെച്ച നടപടിയിൽ ജിദ്ദ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ആഘോഷവേളകളിൽ ടിക്കറ്റ് നിരക്ക് പരമാവധി വർദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇന്ത്യൻ വിമാനക്കമ്പനികൾ, പ്രവാസികൾ പ്രയാസത്തിലാകുന്ന ഘട്ടത്തിൽ തികച്ചും ഉത്തരവാദിത്തമില്ലാതെ കൈവിട്ട നടപടി പൊറുക്കാനാവാത്തതാണെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മണ്ഡലം ജനറൽ സെക്രട്ടറി ഹംദാൻ ബാബു പറഞ്ഞു. പ്രവാസികളോട് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്ന വിമാനക്കമ്പനികളെ പ്രവാസി സമൂഹം ഒന്നടങ്കം ബഹിഷ്കരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ആഹ്വാനം ചെയ്തു.
അതേസമയം, ഈ പ്രതിസന്ധി ഘട്ടത്തിൽ കൂടുതൽ സർവീസുകൾ ആരംഭിച്ച് പ്രവാസികൾക്ക് തണലായ സൗദി വിമാനക്കമ്പനികളെ യോഗം അഭിനന്ദിച്ചു. പ്രയാസങ്ങളിൽ കൂടെനിൽക്കുന്ന മിഡിൽ ഈസ്റ്റിലെ വിമാനക്കമ്പനികൾക്കൊപ്പം എന്നും പ്രവാസികൾ നിലകൊള്ളണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജിദ്ദ ഷറഫിയ്യ ഇലാറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ലാ കെ.എം.സി.സി സെക്രട്ടറി നാണി ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ സൈനുദ്ദീൻ, ഭാരവാഹികളായ സി.കെ. കുഞ്ഞൂട്ടി, കുഞ്ഞാലി കുമ്മാളിൽ, സാബിർ വളാഞ്ചേരി, അൻവർ പൂവല്ലൂർ, ഹനീഫ ചപ്പനങ്ങാടി, ഷരീഫ് കൂരിയാട്, അഹമ്മദ് കുട്ടി, ആബിദ് തയ്യിൽ, നാസർ സി.എച്ച്., ഷംസു കുറ്റിപ്പുറം, നാസർ എം.ടി., സുബൈർ എന്നിവർ സംസാരിച്ചു.



