ഷാർജ- സുസ്ഥിര വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അംഗീകാരമായി മെലീഹ നാഷണൽ പാർക്കിന് ‘സസ്റ്റെയ്ൻ ഷാർജ’ പുരസ്‌കാരം. വിനോദസഞ്ചാര കേന്ദ്ര വിഭാഗത്തിലാണ് മെലീഹയുടെ നേട്ടം. സൗരോർജ ഉപയോഗം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് അർഹമാക്കിയത്.
പാർക്കിലെ ക്യാംപിങ് താമസസൗകര്യങ്ങൾ, ഓഫീസുകൾ, ലൈറ്റുകൾ, ജലപമ്പുകൾ എന്നിവയുടെ പ്രവർത്തനത്തിന് സൗരോർജമാണ് ഉപയോഗിക്കുന്നത്. നിരീക്ഷണ ക്യാമറകളും പൂർണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കർശനനടപടികളും സ്വീകരിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ആഘാതം കുറയ്ക്കുന്ന വിധമുള്ള വിനോദസഞ്ചാരസൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം, മരുഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാനായി നിശ്ചിത പാതകളും പ്രവേശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പുരാവസ്തുശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങളിലൂടെ മെലീഹയുടെ ചരിത്രപരവും പ്രകൃതിപരവുമായ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന വിധമാണ് ദേശീയോദ്യാനത്തിന്റെ പ്രവർത്തനങ്ങൾ.
യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഫായ പാലിയോലാൻഡ്സ്കേപ്പിന്റെ പ്രധാനഭാഗമാണ് മെലീഹ നാഷണൽ പാർക്ക്.



