തെഹ്റാന്- ഗള്‍ഫ് രാജ്യങ്ങളോട് ഇറാന് ശത്രുതയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി വ്യക്തമാക്കി. സുസ്ഥിരമായ സുരക്ഷക്കായി ഗള്‍ഫ് രാജ്യങ്ങളുമായി ഇറാന് സഹകരണം ആഗ്രഹിക്കുന്നു. അതേസമയം, ഇറാനിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കാനോ, ഇറാന്റെ പരമാധികാരം ലംഘിക്കാനോ വേണ്ടി അയല്‍രാജ്യങ്ങളുടെ മണ്ണ് ഉപയോഗിക്കപ്പെട്ടാല് ഇറാന് വെറുതെയിരിക്കില്ലെന്നും ബഗായി മുന്നറിയിപ്പ് നല്കി. വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് ഇരുപക്ഷത്തുനിന്നും ഉണ്ടാകേണ്ട കാര്യമാണ്. ചില ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തില്‍ അമിതമായി വിശ്വസിക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ അമേരിക്കയുമായി സജീവമായി സഹകരിക്കുന്നുണ്ട്. തങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണോ സൗകര്യങ്ങളോ വിട്ടുനല്‍കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ബഗായി കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള വാതില്‍ ഇറാന് അടച്ചിട്ടില്ല. ഇടനിലക്കാര്‍ വഴി അമേരിക്കക്ക് സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്. അമേരിക്ക ഏകപക്ഷീയമായ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ട്രംപും മറ്റ് യു.എസ് ഉദ്യോഗസ്ഥരും പൂര്‍ണ്ണമായ കീഴടങ്ങല്‍ എന്ന പ്രയോഗം ആവര്‍ത്തിച്ചു ഉപയോഗിക്കുന്നു. എന്നാല്‍, ഒരു ഇറാനിയും ഇത് അംഗീകരിക്കില്ലെന്ന് ബഗായി വ്യക്തമാക്കി.
അതേസമയം, ഖത്തര്‍ മധ്യസ്ഥരുമായി മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇറാന് പ്രതിനിധികള്‍ ഞായറാഴ്ച ദോഹയില്‍ നിന്ന് മടങ്ങി.



