ദുബായ്- ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരായ ഒരു കേസും പിൻവലിക്കില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഷാജൻ സ്കറിയ നടത്തുന്ന മാപ്പപേക്ഷയും ഖേദപ്രകടനവുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ലുലു ഗ്രൂപ്പിന് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാപ്പ് പറഞ്ഞാലും കേസുകളിൽ നിന്ന് പിന്നോട്ടില്ലെന്നും ഇന്ത്യയിലെ നിയമസംവിധാനത്തിലും ജുഡീഷ്യറിയിലും മാത്രമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാൻഡിനോ ചെയർമാനോ എതിരായ ഒരു തരി വ്യാജ ആരോപണം പോലും അനുവദിക്കില്ലെന്നും കോടതിക്ക് പുറത്തുള്ള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ലൈക്കും ക്ലിക്കും ഷെയറും ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജവാർത്തകൾ നിർമ്മിക്കുന്നതെന്നും കുറ്റപ്പെടുത്തി.
യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി വ്യാജ ആരോപണം ഉന്നയിച്ചതിൽ തനിക്ക തെറ്റുപറ്റിയെന്നും പരാമർശങ്ങൾ പിൻവലിക്കുകയാണെന്നും വ്യക്തമാക്കി ഷാജൻ സ്കറിയ അടുത്തിടെ പരസ്യമായി മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. 2020 നവംബർ 21നാണ് ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ വഴി ആരോപണം ഉന്നയിച്ചത്. തുടർന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലുലു ഗ്രൂപ്പ് എറണാകുളം സബ് കോടതിയിൽ ഷാജൻ സ്കറിയക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.



