ദുബായ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കും ഗ്രൂപ്പിനുമെതിരെ വ്യാജ അപവാദ പ്രചാരണം നടത്തിയവർക്കെതിരായ നിയമ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ അറിയിച്ചു. പ്രതികൾ മാപ്പ് പറഞ്ഞോ ഇല്ലയോ എന്നത് ലുലു ഗ്രൂപ്പിനെ ബാധിക്കുന്ന വിഷയമല്ല. അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. ഒരു കേസും പിൻവലിക്കില്ലെന്നും കോടതിക്ക് പുറത്തുള്ള യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്നും ലുലു ഗ്രൂപ്പ് അധികൃതർ ദുബായിൽ വ്യക്തമാക്കി.
ലൈക്കും ക്ലിക്കും ഷെയറും മാത്രമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും വ്യാജവാർത്തകൾക്കും പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2020 നവംബറിലാണ് തിരുവനന്തപുരം വിമാനത്താവളം വഴി എം.എ. യൂസഫലി അനധികൃതമായി സ്വർണം കടത്തിയെന്ന വ്യാജ ആരോപണവുമായി മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ വീഡിയോ പുറത്തുവിട്ടത്. ലുലു ഗ്രൂപ്പ് ശക്തമായ നിയമപോരാട്ടം ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് തെറ്റായ വീഡിയോ ചെയ്തതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും യൂസഫലിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി ഷാജൻ സ്കറിയ മാപ്പപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ, ഈ മാപ്പപേക്ഷ അംഗീകരിച്ച് കേസുകളിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് ലുലു ഗ്രൂപ്പ്.



