റിയാദ്- കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സൂപ്പര്‍ ലിഗ മൂന്നാം സീസണ് തുടക്കമായി. റിയാദ് കാബൂസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. റിയാദിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനീയേഴ്സ് ഫോറം എല്ലാ വര്‍ഷവും നടത്തി വരുന്ന ടൂര്‍ണമെന്റാണ് കെ എസ് എല്‍ സൂപ്പര്‍ ലിഗ. നാല് ആഴ്ചകളിലായി നടക്കുന്ന മത്സരങ്ങളില്‍ 4 ടീമുകളാണ് മാറ്റുരക്കുന്നത്. റിയല്‍ മലസ് എഫ് സി, റൗദ യുണൈറ്റഡ്, ബത്ഹ ബറ്റാലിയന്, അല്‍ നഹ്ദ യുണൈറ്റഡ് എന്നീ 4 ടീമുകളാണ് മത്സരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ കെ ഇ എഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു . ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാരായ അറ്റെന്‍ഷന്‍ അക്കുരസി കമ്പനി സി ഇ ഒ രാജന് ഡാനിയേല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. അറ്റോവ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി ഇ ഒ ഡോ. മെല്‍റ്റണ്‍ സേവിയര്‍ ബോള്‍ കിക്ക് ഓഫ് ചെയ്ത് മാച്ചുകള്‍ക്ക് തുടക്കം കുറിച്ചു.
ഉദ്ഘാടന മത്സരത്തില്‍ റൗദ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ നഹ്ദ യുണൈറ്റഡ് തോൽപ്പിച്ചു. റിയല്‍ മലസ് എഫ് സി യും ബത്ഹ ബറ്റാലിയനും തമ്മില്‍ നടന്ന രണ്ടാം മത്സരം സമനിലയില്‍ (2-2) കലാശിച്ചു.
ടൂര്‍ണമെന്റിന് കെ ഇ എഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ഞാറപ്പുലാന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍ നേതൃത്വം നല്കി.



