കെയ്റോ: ഉറങ്ങിക്കിടക്കുകയായിരുന്ന നവവരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നവവധു ഈജിപ്തിൽ അറസ്റ്റിലായി. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലെ അൽമർഗ് ജില്ലയിലെ അപ്പാർട്ട്മെന്റിലാണ് ദാരുണമായ സംഭവം നടന്നത്. ഭർത്താവിന്റെ ലൈംഗിക ബലഹീനതയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് സുരക്ഷാ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
അപ്പാർട്ട്മെന്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെ പങ്കാളിത്തം പുറത്തുവന്നത്. തുടർന്ന് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി സമ്മതിച്ചതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി യുവതിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കൃത്യമായ മരണകാരണം നിർണ്ണയിക്കുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.



