റിയാദ്– റിയാദിലും ദക്ഷിണ സൗദിയിലും ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങൾ സൗദി സഖ്യസേന തകർത്തു. ഡ്രോണുകൾ വിജയകരമായി തടഞ്ഞു തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
റിയാദിൽ തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. അപകടസ്ഥലങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും സാഹചര്യം നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ദക്ഷിണ സൗദി ലക്ഷ്യമാക്കി തൊടുത്തുവിട്ട മറ്റൊരു ഡ്രോണും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി അദ്ദേഹം വ്യക്തമാക്കി. നജ്റാനിൽ അപകട ഭീഷണിയുള്ളതായി ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം’ വഴി സിവൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
കിഴക്കൻ പ്രവിശ്യയിലും മദീനയിലും ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങളും സൗദി വ്യോമസേന നേരത്തെ വിഫലമാക്കിയിരുന്നു. ഇന്ന് പുലർച്ചെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഡ്രോണും, ഇന്നലെ രാത്രി വൈകി മദീന ലക്ഷ്യമാക്കിയെത്തിയ ഡ്രോണുമാണ് സഖ്യസേന തകർത്തത്.



