തൃശൂർ: മുൻ ഗൾഫ് പ്രവാസികളുടെ കൂട്ടായ്മയായ ‘പൂരം തൃശൂർ’ സംഘടിപ്പിക്കുന്ന ‘ദൃശ്യവിസ്മയം’ ചിത്രകലാ പ്രദർശനം തൃശൂർ ലളിതകലാ അക്കാദമിയിൽ ആരംഭിച്ചു. ശ്രീ. വിശ്വനാഥ മേനോൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
1998-ൽ ഡോ. മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ ‘പൂരം ജിദ്ദ’ എന്ന പേരിൽ തുടക്കമിട്ട കൂട്ടായ്മയാണ് ഇന്ന് പൂരം തൃശൂർ, പൂരം ദുബായ് എന്നീ സംഘടനകളായി വളർന്നിരിക്കുന്നത്. ഡോ. മുഹമ്മദ് കാസിം തന്നെയാണ് ഈ കൂട്ടായ്മകളുടെ രക്ഷാധികാരി.
‘നിറങ്ങളുടെ ലോകത്തേക്ക്… ഭാവനയുടെ വിസ്മയക്കാഴ്ചകളിലേക്ക്…’ എന്ന ആശയത്തിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിൽ 125-ഓളം മനോഹര ചിത്രങ്ങളാണ് ചിത്രപ്രേമികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. സർഗ്ഗാത്മകതയും വർണ്ണങ്ങളും ഒത്തുചേരുന്ന ഈ പ്രദർശനം കലാസ്വാദകർക്ക് വേറിട്ടൊരു ദൃശ്യവിരുന്നാകും.
ഒക്ടോബർ 29 മുതൽ 31 വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമായിരിക്കും.
ഉദ്ഘാടനച്ചടങ്ങിൽ പൂരം തൃശൂർ പ്രസിഡന്റ് മൂത്തേടത്ത് സേതുമാധവൻ, ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു, ട്രഷറർ അഡ്വ. സുകുമാരൻ, വൈസ് പ്രസിഡന്റ് മനോജ് കുന്നപ്പള്ളി, ജോയിന്റ് സെക്രട്ടറി ബോർജിയോ ലൂയിസ്, കമ്മിറ്റി അംഗങ്ങളായ മിനി ഫ്രാൻസി, തോമസ് കുറ്റിക്കാടൻ, ശ്രീജിത്ത്, ജോർജ് അറക്കൽ, ഹരിദാസ് ഗോപുരത്തിങ്കൽ തുടങ്ങിയവർ പങ്കെടുത്തു.



