റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഹൂത്തി ഭീകരർ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സേന തകർത്തു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ സംയോജിത വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകൾ വിജയകരമായി തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് സഖ്യസേന അറിയിച്ചു.
മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലും അൽഖർജിലും ഉടലെടുത്ത അപകടസാഹചര്യം ഒഴിഞ്ഞുപോയതായി സിവിൽ ഡിഫൻസ് വ്യക്തമാക്കി. അപായ സൂചന നൽകുന്ന നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം വഴി പ്രദേശവാസികൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
പൗരന്മാരും താമസക്കാരും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു. അപകട ബാധിത പ്രദേശങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നതും ചിത്രങ്ങൾ പകർത്തുന്നതും പൂർണ്ണമായും ഒഴിവാക്കണം. മിസൈലുകളോ ഡ്രോണുകളോ തടയുന്നതിന്റെയും അവയുടെ അവശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെയും ചിത്രങ്ങളോ വിവരങ്ങളോ പകർത്തുന്നതും പങ്കുവെക്കുന്നതും നിയമനടപടികൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 911 എന്ന നമ്പറിൽ ബന്ധപ്പെടാം.



