റിയാദ്- മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാനും പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പ്രവാസി സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സമ്മിറ്റ് സംഘടിപ്പിച്ചു.
രാഷ്ട്രീയ, സാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾക്കപ്പുറം കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പുതിയ പ്രവർത്തന മേഖലകളിലേക്ക് പ്രവാസി സംഘടനകൾ കടന്നുവരേണ്ടതുണ്ടെന്ന ബോധ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച ഒ ഐ സി സി മലപ്പുറം ജില്ല പ്രസിഡണ്ട് സമീർ മാളിയേക്കൽ പറഞ്ഞു.
ആദ്യ ഘട്ടമെന്ന നിലയിൽ നിർമിതബുദ്ധിയുടെ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് സമ്മിറ്റ് പ്രാധാന്യം നൽകിയത്. തുടർഘട്ടങ്ങളിൽ താൽപ്പര്യമുള്ളവർക്കായി പ്രായോഗിക പരിശീലന ക്ലാസുകൾ, സംരംഭകർക്കും വിദ്യാർഥികൾക്കുമായി പ്രത്യേക എ ഐ മീറ്റപ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജില്ലാ കമ്മിറ്റി നേതൃത്വം അറിയിച്ചു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പ് റീജിയണൽ മാനേജറും വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകനുമായ നവാസ് റഷീദ് മുഖ്യ പരിശീലകനായിരുന്നു. നിർമിതബുദ്ധിയുടെ ഉത്ഭവവും വളർച്ചയും മുതൽ ദൈനംദിന ജീവിതത്തിലും തൊഴിൽ, വിദ്യാഭ്യാസ, സംരംഭക മേഖലകളിലും പ്രയോജനപ്പെടുത്താവുന്ന വിവിധ എ ഐ ടൂളുകളെക്കുറിച്ചും അവ ഫലപ്രദമായി ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പരിശീലനത്തിനുശേഷം പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി പ്രത്യേക ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു.
സിവ്ര ടെക്നോളജി സി ഇ ഒ മഹറൂഫ് പൂളമണ്ണ ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര, മുൻ പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അമീർ പട്ടണത്ത്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് എന്നിവർ ആശംസകൾ നേർന്നു.
അൻസാർ നൈത്തല്ലൂർ, അൻസാർ വാഴക്കാട്, ഫൈസൽ തമ്പലക്കോടൻ, പ്രഭാകരൻ ഒളവട്ടൂർ, ജംഷീർ ചെറുകാട്, റഫീക് തിരൂരങ്ങാടി, ശിഹാബ് അരിപ്പൻ, ഇസ്മായിൽ, മുത്തു പാണ്ടിക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



