ജിദ്ദ– സൗദി അറേബ്യയുടെ കര അതിർത്തികൾ വഴി രാജ്യത്തേക്ക് എത്തുന്ന സന്ദർശകരുടെ പ്രവേശന നടപടികൾ കൂടുതൽ വേഗത്തിലാക്കാനും സുഗമമാക്കാനുമായി ആഭ്യന്തര മന്ത്രാലയം ‘അബ്ശിർ’ പ്ലാറ്റ്ഫോമിൽ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ പൗരന്മാർക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ഈ സേവനം ലഭ്യമാകും.
വിദേശകാര്യ, ടൂറിസം മന്ത്രാലയങ്ങൾ, ജവാസാത്ത്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, സകാത്ത്-ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി തുടങ്ങി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ സംവിധാനം തയാറാക്കിയത്. ആറ് മാസത്തിന് ശേഷം കര അതിർത്തികൾ വഴി പ്രവേശിക്കുന്ന എല്ലാ സന്ദർശകർക്കും ഈ ഡിജിറ്റൽ രജിസ്ട്രേഷൻ നിർബന്ധമാക്കും.
അതിർത്തിയിലെത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനും ഈ സേവനത്തിലൂടെ സാധിക്കും.
അബ്ശിർ ആപ്പ് വഴി സേവനം ലഭ്യമാക്കുന്ന വിധം:
- അബ്ശിർ ആപ്പിൽ ലോഗിൻ ചെയ്ത് ‘അബ്ശിർ ട്രാവൽ ഫോർ വിസിറ്റേഴ്സ്’ എന്ന വിഭാഗം തിരഞ്ഞെടുക്കുക.
- പൗരത്വം, മൊബൈൽ നമ്പർ, യാത്രാ രേഖയുടെ വിവരങ്ങൾ എന്നിവ നൽകുക.
- പ്രവേശിക്കുന്ന അതിർത്തി കവാടവും പ്രതീക്ഷിക്കുന്ന യാത്രാ തീയതിയും രേഖപ്പെടുത്തുക.
- യാത്രക്കാരുടെ വിവരങ്ങൾ, വാഹനം, ഇൻഷുറൻസ് വിശദാംശങ്ങൾ എന്നിവ പൂർത്തിയാക്കുക.
സൗദിയിലെത്തുന്ന സന്ദർശകർക്ക് മികച്ച ഡിജിറ്റൽ അനുഭവവും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



