ലഖ്നൗ- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ സുൽത്താൻപൂരിലുള്ള പ്രത്യേക എം.പി-എം.എൽ.എ കോടതി കുറ്റവിമുക്തനാക്കി. 2018ൽ അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായിരിക്കെയായിരുന്നു രാഹുലിന്റെ പരാമർശം.
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബംഗളൂരുവിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസ് സുൽത്താൻപൂരിലെ പ്രത്യേക എം.പി-എം.എൽ.എ കോടതി ജഡ്ജി ശുഭം വർമ്മ തള്ളുകയും രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി അമിത് ഷായ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതി നൽകിയിരുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ സുൽത്താൻപൂർ കോടതിയിൽ ഹാജരായ രാഹുൽ ഗാന്ധി, തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയും പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേസ് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ അഭിഭാഷകൻ കാശി പ്രസാദ് ശുക്ല, കേസ് തള്ളണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.



