റിയാദ്– ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത്, അഹദ് റുഫൈദ എന്നിവിടങ്ങളിലും തലസ്ഥാനമായ റിയാദിലും ഹൂത്തികള്‍ നടപ്പാക്കാന്‍ ശ്രമിച്ച വൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സൗദി സഖ്യസേന വിജയകരമായി തടഞ്ഞു തകർത്തു. ഖമീസ് മുശൈത്തിലും അഹദ് റുഫൈദയിലും തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് സൗദി പൗരനും ഒരു ഏഷ്യൻ വംശജനായ പ്രവാസിക്കും പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

ആക്രമണത്തില്‍ പ്രദേശത്തെ മൂന്ന് റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് സിവിൽ ഡിഫൻസ് സംഘങ്ങൾ ഉടനടി പ്രതികരിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തതായി വക്താവ് വ്യക്തമാക്കി.
ദക്ഷിണ സൗദി ലക്ഷ്യമാക്കി വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും ഖമീസ് മുശൈത്തിന് നേരെ തൊടുത്തുവിട്ട ക്രൂയിസ് മിസൈലും തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു.

തലസ്ഥാനമായ റിയാദിന് നേരെ ഹൂത്തികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. കൂടാതെ ഇന്ന് പുലർച്ചെ റിയാദ് ലക്ഷ്യമാക്കി എത്തിയ രണ്ട് ഡ്രോണുകളും ലക്ഷ്യത്തിലെത്തുന്നതിന് മുൻപ് തന്നെ സഖ്യസേന വെടിവെച്ചിട്ടു.



