തെഹ്റാന്– ഒരു സാഹചര്യത്തിലും ഗള്‍ഫ് മേഖലയിലേക്ക് യു.എസ് സൈന്യത്തെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന് വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ സ്വപ്നം തന്റെ ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്നും ഇറാന് മുന്നറിയിപ്പ് നൽകി.
അറേബ്യന്‍ ഗള്‍ഫിലേക്ക് യു.എസ് സൈനിക കപ്പലുകളെ ഒരു കാരണവശാലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന് സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അലി അബ്ദുല്ലാഹി വ്യക്തമാക്കിതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അറേബ്യന്‍ ഗള്‍ഫിലേക്ക് തങ്ങളുടെ സൈന്യം പ്രവേശിക്കുന്നത് കാണണമെന്ന് യു.എസ് പ്രസിഡന്റ് ആഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ ആ സ്വപ്നം അദ്ദേഹത്തിന് ശവക്കുഴിയിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്ന് അലി അബ്ദുല്ലാഹി കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരെ വീണ്ടും ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്കയും ഇസ്രായേലും ഭീഷണി മുഴക്കുന്നതിനിടയാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കക്ക് സാധിക്കുമെന്ന് തുര്‍ക്കിയിലെ യു.എസ് അംബാസഡര്‍ ടോം ബാരക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ, മധ്യപൂര്‍വേഷ്യയിലും മറ്റ് പ്രദേശങ്ങളിലും അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഇറാന് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് മേധാവി ജേ ക്ലേട്ടണ്‍ മുന്നറിയിപ്പ് നല്കി. യെമനിലെ ഹൂത്തി വിമതരില്‍ നിന്നുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍, സൗദി അറേബ്യയിലുള്ള യു.എസ് എംബസിയിലെ അനിവാര്യമല്ലാത്ത ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിട്ടുപോകാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യു.എസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഇറാന് ഗണ്യമായി വര്‍ധിപ്പിച്ചതായി രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോക്ക് അയച്ച കുറിപ്പില്‍ ജേ ക്ലേട്ടണ്‍ വ്യക്തമാക്കിയതായി ഒരു യു.എസ് ഉദ്യോഗസ്ഥന് അറിയിച്ചു. മധ്യപൂര്‍വേഷ്യയിലും മറ്റ് ചില രാജ്യങ്ങളിലും യു.എസ് പൗരന്മാര്ക്കെതിരെ ഇറാന് ആസൂത്രണം ചെയ്യുന്ന നീക്കങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലെത്തിയിരിക്കുന്നതായും കുറിപ്പില്‍ പറയുന്നു.



