ദുബായ്– വ്യാജ ഷോപ്പിംഗ് വെബ്സൈറ്റ് നിര്‍മ്മിച്ച് ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ ആറംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടതായി കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്.
വ്യാജ ഷോപ്പിംഗ് വെബ്സൈറ്റുകളിലൂടെ ഉപഭോക്താക്കളുടെ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കുക, ഉടമ അറിയാതെ സാധനങ്ങള്‍ വാങ്ങുക, തട്ടിപ്പിലൂടെ ലഭിക്കുന്ന തുക ഡിജിറ്റല്‍ വാലറ്റുകളിലേക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റുക എന്നിവയായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി. മോഷ്ടിച്ച ചില ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ മറ്റ് തട്ടിപ്പുകാര്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു യുവതിക്ക് തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഇത്തരം തട്ടിപ്പിലൂടെ നഷ്ടമായിരുന്നു. ഉണര്‍ന്നപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായുള്ള സന്ദേശങ്ങള്‍ കണ്ട് യുവതി ദുബായ് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തി റെയ്ഡ് നടത്തിയത്. സംഭവസ്ഥലത്തുനിന്ന് ബാങ്ക് കാര്‍ഡുകളും ചെക്ക് ബുക്കുകളും പോലീസ് പിടിച്ചെടുത്തു.
പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ വെബ്സൈറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അജ്ഞാതരായ വ്യക്തികള്‍ക്കോ വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍ക്കോ ബാങ്ക് വിവരങ്ങള്‍ കൈമാറരുത്. സംശയാസ്പദമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പറിലോ, ‘പോലീസ് ഐ’ സർവീസ്, ഇ-ക്രൈം പ്ലാറ്റ്ഫോം, ദുബായ് പോലീസ് സ്മാർട്ട് ആപ്പ് എന്നിവ വഴിയോ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് അറിയിച്ചു.



