ബ്രസ്സല്‍സ്– സൈനിക-രാഷ്ട്രീയ വിഭാഗങ്ങളും നേതാക്കളും ഉൾപ്പെടെയുള്ള ഹൂത്തി പ്രസ്ഥാനത്തെ യൂറോപ്യന്‍ യൂണിയന്റെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന് കൗണ്‍സിലിനോടാണ് പാര്‍ലമെന്റ് ഇക്കാര്യം ആവശ്യപ്പട്ടത്. യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ-സുരക്ഷാ നയങ്ങള്ക്കായുള്ള ഹൈ റെപ്രസെന്റേറ്റീവ് കാജ കാലാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
വ്യാഴാഴ്ച പാസാക്കിയ പ്രമേയത്തില്‍, ഹൂത്തികളുടെയും അവരെ സഹായിക്കുന്നവരുടെയും എല്ലാ ഫണ്ടുകളും സാമ്പത്തിക സ്രോതസ്സുകളും മരവിപ്പിക്കണമെന്നും സംഘടനയ്ക്ക് ധനസഹായം ലഭിക്കുന്ന മുഴുവൻ വഴികളും അടയ്ക്കണമെന്നും യൂറോപ്യൻ പാര്‍ലമെന്റ് വ്യക്തമാക്കി.
സൗദി അറേബ്യ, യു.എ.ഇ, ഇസ്രായേല്‍ എന്നിവയ്ക്കു നേരെ ഹൂത്തികൾ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെയും യെമനിലെ സൈനിക നീക്കങ്ങളെയും പ്രമേയം ശക്തമായി അപലപിച്ചു. ചെങ്കടലിലും ബാബ് അല്‍മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആഗോള സമുദ്ര ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ഇത് ഊര്‍ജ വില വര്‍ധിക്കുന്നതിനും യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയെ തകരാറിലാക്കുന്നതിനും കാരണമാകുമെന്ന് പാര്‍ലമെന്റ് മുന്നറിയിപ്പ് നല്കി.



