ന്യൂഡൽഹി– സൗദി അറേബ്യയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജ മേഖലയ്ക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ശൈബ എണ്ണപ്പാടത്തിനും നേരെ നടന്ന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. സിവിലിയന്മാർക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രാദേശിക സുരക്ഷാ തത്ത്വങ്ങളുടെയും നഗ്നമായ ലംഘനവും പൂർണ്ണമായും അസ്വീകാര്യവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
മേഖലയിലെ ഭീഷണികളെ ചെറുക്കുന്നതിൽ സൗദി അറേബ്യയ്ക്ക് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു. പ്രാദേശിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ഊർജ വിതരണ സുരക്ഷ നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.



