ദമാം- യെമനിലെ ഹൂത്തി വിമതരുടെ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ, കിഴക്കൻ സൗദി അറേബ്യയിലെ ദഹ്റാനിലുള്ള ആസ്ഥാന ഓഫീസ് പൂർണ്ണമായും ഒഴിപ്പിക്കാൻ സൗദി എണ്ണ ഭീമനായ അറാംകോ നിർദ്ദേശം നൽകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി, ഇവിടെയുള്ള അവശ്യ ജീവനക്കാരോട് അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച കമ്പനി ആസ്ഥാനത്തിന് നേരെ ആക്രമണ ശ്രമം ഉണ്ടായതിനെ തുടർന്ന് മിക്ക ജീവനക്കാരും റിമോട്ട് രീതിയിലേക്ക് മാറിയിരുന്നു. ഏറ്റവും പുതിയ വിവരമനുസരിച്ച് ഓഫീസിൽ നേരിട്ടെത്തി പ്രവർത്തിച്ചിരുന്ന അവശ്യ ജീവനക്കാരെ കൂടി പൂർണ്ണമായി ഒഴിപ്പിക്കുകയാണ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ സുപ്രധാന എണ്ണ-ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ഭീഷണികൾ വർധിച്ചതിനെ തുടർന്ന് രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റിമോട്ട് വർക്കിംഗ് സംവിധാനങ്ങളിലൂടെ എണ്ണ ഉൽപ്പാദനവും കമ്പനിയുടെ മറ്റു പ്രവർത്തനങ്ങളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് അറാംകോ ലക്ഷ്യമിടുന്നത്. അതേസമയം, ഈ താൽക്കാലിക ക്രമീകരണം എത്രനാൾ തുടരുമെന്ന കാര്യത്തിൽ കമ്പനി കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല.
use this file



