ദുബായ്- ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി നവംബർ ഒന്നിന് പി.എ. ഇബ്രാഹിം ഹാജി സ്ക്വയറിലെ വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിക്കുന്ന ലീഡെക്സ് ഹൊറൈസൺ 2026 ഡെലിഗേറ്റ് സമ്മിറ്റിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ജില്ലയിലെ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, പ്രധാന പ്രവർത്തകർ, ജില്ലാ, സംസ്ഥാന, ദേശീയതല ഭാരവാഹികൾ, വനിതാ കെ.എം.സി.സി പ്രതിനിധികൾ എന്നിവരടക്കം 600-ലധികം പേരാണ് പ്രതിനിധി സംഗമത്തിൽ പങ്കെടുക്കുന്നത്. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ഡെലിഗേറ്റ് സമ്മിറ്റ് നടക്കുക.
സംഘടനാ പ്രവർത്തകരുടെ നേതൃത്വശേഷി വർധിപ്പിക്കുന്നതിനും സമകാലിക സാഹചര്യങ്ങളിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി നാല് പ്രധാന പരിശീലന സെഷനുകളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഷരീഫ് കുറ്റൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. റാഷിദ് ഗസാലി, പി.എം.എ. ഗഫൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സംഘടനാ പ്രവർത്തനം, രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകൾ, ഡിജിറ്റൽ നേതൃത്വം, വ്യക്തിത്വ വികസനം, മൂല്യാധിഷ്ഠിത നേതൃത്വം തുടങ്ങിയ മേഖലകളിൽ പ്രതിനിധികൾക്ക് അറിവും അനുഭവവും പകരുന്ന രീതിയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ നടക്കുന്ന പ്രതിനിധി സംഗമത്തിനു ശേഷം വൈകുന്നേരം ഏഴു മണിക്ക് ദേശീയ സമ്മേളനം ആരംഭിക്കും. സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ, അറബ് പ്രമുഖർ, നിയമസഭാംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. അതിഥികളുടെ പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, പുരസ്കാരദാന ചടങ്ങ്, പ്രമുഖരെ ആദരിക്കൽ എന്നിവയും ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി ജില്ലാ, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളും ജില്ലയിൽനിന്നുള്ള സംസ്ഥാന ഭാരവാഹികളും വിവിധ തലങ്ങളിൽ വിപുലമായ പ്രചാരണ-സംഘാടന പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പ്രവർത്തകരുടെ കൂട്ടായ സഹകരണത്തോടെയും സംഘടനാ സംവിധാനങ്ങളുടെ ഏകോപനത്തോടെയും സംഗമം വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു. ട്രഷറർ ഡോ. ഇസ്മായിൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാൻചേരി, സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, മൊയ്തീൻ ബാവ, സുബൈർ അബ്ദുള്ള, ഹനീഫ് ബാവ, ഫൈസൽ മൊഹ്സിൻ, സി.എ. ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, സുബൈർ കുബണൂർ, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ധീഖ് ചൗക്കി, റഫീഖ് കാടങ്കോട്, ആസിഫ് ഹൊസങ്കടി, സുനീർ, എൻ.പി. തുടങ്ങിയവർ സംസാരിച്ചു.







