തെഹ്‌റാൻ– ഹോർമുസ് കടലിടുക്കിന് അടിയിലൂടെ കടന്നുപോകുന്ന ഏഴ് പ്രധാന ഇന്റർനെറ്റ് ഫൈബർ ഒപ്റ്റിക് കേബിളുകൾ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐ.ആർ.ജി.സി). ഇത് ലോകമെമ്പാടുമുള്ള സാമ്പത്തിക, സാങ്കേതിക ആശയവിനിമയ ശൃംഖലയെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.
ആഗോള ഡാറ്റ, വാണിജ്യ ആശയവിനിമയം, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ ഈ കേബിളുകളെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച റെവല്യൂഷണറി ഗാർഡ്, ശത്ഥുക്കൾക്ക് ഈ വസ്തുത ബോധ്യപ്പെടാനാണ് മുന്നറിയിപ്പ് നൽകുന്നതെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
അതിനിടെ, ‘ഹോർമുസ് കടലിടുക്കിന്റെ അടിയിൽ 10 ട്രില്യൺ ഡോളറിന്റെ നിധി’ എന്ന തലക്കെട്ടിൽ ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് പ്രത്യേക റിപ്പോർട്ട് പുറത്തുവിട്ടു. കടലിടുക്കിലൂടെ കടന്നുപോകുന്ന മുഴുവൻ ഫൈബർ ഒപ്റ്റിക് കേബിളുകൾക്ക് മേലും ഇറാന്റെ സമ്പൂർണ്ണ പരമാധികാരമുണ്ടെന്ന് വാർത്താ ഏജൻസി വ്യക്തമാക്കി. തങ്ങളുടെ പ്രാദേശിക ജലാശയങ്ങളിൽ നിയന്ത്രണം പുനഃസ്ഥാപിച്ച സാഹചര്യത്തിൽ, ഉപരിതലത്തിനടിയിലെ കേബിളുകൾക്ക് മേലുള്ള ഇറാന്റെ നിയമപരമായ പരമാധികാരം സംബന്ധിച്ച് പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.







