തെഹ്റാൻ– അമേരിക്ക കനത്ത ബോംബാക്രമണം നടത്തിയിട്ടും ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡറുടെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ്റെസ നഗ്ദി പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആയുധശേഖരം സുരക്ഷിതമായി തുടരുകയാണെന്നും, ഭൂഗർഭ മിസൈൽ ശൃംഖലകളും ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളും ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ടെലിവിഷനിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാനിലെ 90 ശതമാനത്തിലധികം മിസൈലുകളും സുരക്ഷിതമാണെന്ന് നഗ്ദി അവകാശപ്പെട്ടു. ആക്രമണത്തിൽ നഷ്ടങ്ങൾ സംഭവിച്ചാലും ആഭ്യന്തര ഉൽപ്പാദനം കൃത്യമായി നടക്കുന്നതിനാൽ രാജ്യത്തിന്റെ സൈനികശേഷി നിലനിർത്താൻ സാധിക്കുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്. അതിനാൽ ആയുധശേഖരം തീർന്നുപോകുമെന്ന ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ മിസൈൽ, ഡ്രോൺ ശേഷികൾ തകർത്തെന്ന വൈറ്റ് ഹൗസിന്റെ അവകാശവാദങ്ങൾക്ക് വിപരീതമായി യു.എസ് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് റെവല്യൂഷണറി ഗാർഡിന്റെ പ്രസ്താവന.
അതേസമയം, ഇറാന്റെ മിസൈൽ ആക്രമണങ്ങളെ ഭയന്ന് യു.എസ് നാവികസേന കടലിൽ 700 കിലോമീറ്റർ അകലേക്ക് മാറിനിൽക്കാൻ നിർബന്ധിതരായെന്ന് റെവല്യൂഷണറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ മൊസ്തഫ ഇസാദി പറഞ്ഞു. ശത്രുക്കളുടെ കപ്പലുകളെ കൃത്യമായി ലക്ഷ്യമിടാനുള്ള ശേഷി റെവല്യൂഷണറി ഗാർഡ് എയ്റോസ്പേസ് ഫോഴ്സിന്റെ മിസൈലുകൾ കൈവരിച്ചിട്ടുണ്ടെന്നും ഇസാദി വ്യക്തമാക്കി.







