കൊൽക്കത്ത- കൊൽക്കത്തയിലെ പ്രശസ്തമായ ദുർഗ്ഗാ പൂജ പന്തലിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെയുള്ളവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 7:40-ഓടെ ഗിരീഷ് പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ ശാരദ പാർക്ക് (ചോർ ബഗാൻ) പൂജ പന്തലിന്റെ എക്സിറ്റ് ഗേറ്റിലാണ് ദുരന്തമുണ്ടായത്. ശക്തമായ മഴയെത്തുടർന്ന് ആളുകൾ കൂട്ടത്തോടെ പന്തലിലേക്ക് ഇരച്ചുകയറിയതാണ് വൻ ദുരന്തത്തിന് കാരണമായത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (MCH) മാറ്റി. ഇതിൽ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചോർബഗാൻ ദുർഗ്ഗാ പൂജ സംഘാടകർ ഉൾപ്പെടെ 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും ആശുപത്രി സന്ദർശിച്ചു. തിരക്ക് കൃത്യമായി നിയന്ത്രിച്ചിരുന്നോ എന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രധാന പൂജാ പന്തലുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉന്നതതല സമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും ഗ്രൂപ്പ്-ഡി സർക്കാർ ജോലിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ദിവസം നീണ്ടുനിൽക്കുന്ന ദുർഗ്ഗാ പൂജാ ആഘോഷത്തിന്റെ ഏഴാം ദിവസമായ ‘സപ്തമി’യിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
ഇടുങ്ങിയ പ്രവേശന-പുറത്തുകടക്കൽ കവാടങ്ങളാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും വളരെ ചെറുതായിരുന്നെന്നും, പ്രദേശത്ത് മതിയായ വെളിച്ചമുണ്ടായിരുന്നില്ലെന്നും പരിക്കേറ്റവരുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. ദുരന്തത്തിന് പിന്നാലെ പൂജ സംഘാടകർ പ്രവേശനം തടയുകയും പന്തലിലെ ലൈറ്റുകൾ അണയ്ക്കുകയും ചെയ്തതായി ആരോപണമുണ്ട്. അതേസമയം, സംഭവം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും, നിലവിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്നും പൂജ സംഘാടകരിൽ ഒരാളായ ബികാഷ് ദാസ് പറഞ്ഞു.
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ഇടക്കാല ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.







