ജിദ്ദ- സൗദി അറേബ്യയിലെ യാമ്പുവിലും ദക്ഷിണ സൗദിയിലും കിഴക്കന് പ്രവിശ്യയിലും റിയാദിലും ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള് നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള് സഖ്യസേന വിഫലമാക്കി. ചെങ്കടല് തീരത്തെ യാമ്പു നഗരത്തിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല് തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു. സൗദി അറേബ്യയുടെ തെക്കന് മേഖലയിലേക്കും റിയാദ് പ്രവിശ്യയിലേക്കും വിക്ഷേപിച്ച മൂന്ന് ഡ്രോണുകളും സഖ്യസേന തടഞ്ഞു നശിപ്പിച്ചു. സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികള് വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകള് ലക്ഷ്യത്തിലെത്തുന്നതിനു മുമ്പായി ചെങ്കടലിന് മുകളില് വെച്ച് തടഞ്ഞു നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു. കിഴക്കന് പ്രവിശ്യയിലേക്ക് വിക്ഷേപിച്ച ഒരു ഡ്രോണും തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജര് ജനറല് തുര്ക്കി അല്മാലികി പറഞ്ഞു. വ്യോമ പ്രതിരോധ സംവിധാനം പൂര്ണ്ണമായും പ്രവര്ത്തനക്ഷമമാണെന്നും ഏത് ഭീഷണികളെയും ചെറുക്കാന് തയ്യാറാണെന്നും സഖ്യസേന വ്യക്തമാക്കി.
സഖ്യസേന ബാലിസ്റ്റിക് മിസൈല് തകര്ത്തതിനു പിന്നാലെ യാമ്പുവില് അപകട സാധ്യത കടന്നുപോയതായി സിവില് ഡിഫന്സ് അറിയിച്ചു. പൗരന്മാരും പ്രവാസികളും നിര്ദ്ദേശങ്ങള് പാലിക്കണമെന്നും കൂട്ടമായി ഒത്തുകൂടുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില് 911 എന്ന നമ്പറില് ബന്ധപ്പെടണമെന്നും സിവില് ഡിഫന്സ് ആവശ്യപ്പെട്ടു.
മിസൈലുകളേയും ഡ്രോണുകളേയും പ്രതിരോധിക്കുന്നതിന്റെയും അവ പതിക്കുന്ന സ്ഥലങ്ങളുടെയും ഫോട്ടോ എടുക്കുകയോ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുന്നത് നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുമെന്ന് സിവില് ഡിഫന്സ് മുന്നറിയിപ്പ് നല്കി. ഇന്ന് ഉച്ചക്ക് യാമ്പുവില് നാഷണല് ഏര്ലി വാണിംഗ് പ്ലാറ്റ്ഫോം ഫോര് എമര്ജന്സി വഴി സിവില് ഡിഫന്സ് അപകടത്തെ കുറിച്ച് ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







