തെഹ്റാൻ– മിഡിൽ ഈസ്റ്റിലെ യുദ്ധങ്ങളും സംഘർഷങ്ങളും കടുത്ത ‘പരിസ്ഥിതി വംശഹത്യ’യ്ക്ക് വഴിവെക്കുകയാണെന്ന് വിശേഷിപ്പിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഈ പ്രകൃതിവിരുദ്ധ നടപടികളെ ഒരേമനസ്സോടെ അപലപിക്കാൻ ലോക രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അർമേനിയയിൽ നടന്ന അന്താരാഷ്ട്ര പ്രകൃതി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയിലും വിശാലമായ മധ്യപൂർവേഷ്യൻ മേഖലയിലും തുടരുന്ന യുദ്ധങ്ങൾ പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രകൃതിക്കേറ്റ ഈ മുറിവുകൾ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അതുകൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ പരിഹാരങ്ങൾ ഇതിന് അടിയന്തരമായി ആവശ്യമാണെന്നും പെസെഷ്കിയാൻ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള ആഗോള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇറാൻ പ്രസിഡന്റ് മേഖലയിലെ പരിസ്ഥിതി നാശത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്.







