ബഗ്ദാദ്– മിഡിൽ ഈസ്റ്റ് യുദ്ധത്തെ തുടർന്നുണ്ടായ കപ്പൽ ഗതാഗത തടസ്സങ്ങളും എണ്ണ വരുമാനത്തിലെ വൻ ഇടിവും കാരണം ഇറാഖിന് ഏകദേശം 6,000 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതായി വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈൻ വെളിപ്പെടുത്തി. റോമിൽ ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സമീപകാല സംഘർഷമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വരുമാനത്തിന്റെ 90 ശതമാനവും എണ്ണ മേഖലയിൽ നിന്നായതിനാൽ കയറ്റുമതി കുറഞ്ഞത് ഇറാഖിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഫെബ്രുവരിയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ സർക്കാരിന് ആഭ്യന്തര വിപണിയിൽ നിന്ന് കടമെടുക്കേണ്ടി വന്നു. യുദ്ധത്തിന്റെ പ്രത്യാഘാതമായി രാജ്യത്ത് ഉപഭോക്തൃ വില വർധിക്കുകയും വിദേശ കറൻസി കരുതൽ ശേഖരം ഏകദേശം 2,000 കോടി ഡോളർ കുറയുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇറാഖ് സെൻട്രൽ ബാങ്ക് മൂന്ന് വർഷത്തിനിടെ ആദ്യമായി ഡോളറിന്റെ ഔദ്യോഗിക വിനിമയ നിരക്ക് ഉയർത്തുകയുണ്ടായി.
യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 40 ലക്ഷം ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കുകയും 35 ലക്ഷം ബാരൽ കയറ്റി അയക്കുകയും ചെയ്തിരുന്ന രാജ്യമാണ് ഇറാഖ്. പ്രധാനമായും ഹോർമുസ് കടലിടുക്ക് വഴിയാണ് ഇറാഖ് എണ്ണ കയറ്റുമതി നടത്തിയിരുന്നത്. എന്നാൽ, ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭൂരിഭാഗം എണ്ണപ്പാടങ്ങളിലെയും ഉൽപ്പാദനം നിർത്തിവെക്കാൻ ഇറാഖിനെ നിർബന്ധിതമാക്കി. തുടർന്ന് സിറിയ, തുർക്കി എന്നീ രാജ്യങ്ങൾ വഴി പരിമിതമായ അളവിലാണ് കയറ്റുമതി നടത്തിവന്നത്.
സെപ്റ്റംബർ 1നും 21നും ഇടയിൽ പ്രതിദിന കയറ്റുമതി 26 ലക്ഷം ബാരലായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണ വിൽപ്പനയിൽ നിന്നുള്ള വിദേശ കറൻസിയെയാണ് ഇറക്കുമതിക്കും, ദിനാറിന്റെ സ്ഥിരതയ്ക്കും, 4.6 കോടിയിലേറെ വരുന്ന ജനസംഖ്യയിലെ 20 ശതമാനത്തോളം വരുന്ന പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തിനുമായി ഇറാഖ് ആശ്രയിക്കുന്നത്. ഗതാഗത തടസ്സങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഇറാഖും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര നാണയ നിധി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, 2037ഓടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ച് എണ്ണ ഇതര വരുമാനം 10 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്താനാണ് ഇറാഖ് അധികാരികളുടെ ലക്ഷ്യം.







