തെഹ്റാൻ- ഹോർമുസ് കടലിടുക്കിനടുത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ വരുന്നത് കാത്തിരിക്കുകയാണെന്നും അവയെ മുക്കിക്കളയാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് നേവി കമാൻഡർ അലി അസ്മയി വ്യക്തമാക്കി.
ഈ ജലപാത സുരക്ഷിതമായി തുറന്നുകിടക്കുകയാണെന്ന് അമേരിക്ക കരുതുന്നുവെങ്കിൽ, അവരുടെ സൈന്യം അൽപം കൂടി അടുത്തുവന്ന് ആരുടെ നിയന്ത്രണത്തിലാണ് ഈ മേഖലയെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കട്ടെയെന്ന് അലി അസ്മയി വെല്ലുവിളിച്ചു. അമേരിക്കൻ സൈന്യത്തിന്റെ നാവിക വ്യൂഹങ്ങൾ ഇപ്പോൾ ഇന്ധനക്കടത്തുകാരായി അധഃപതിച്ചിരിക്കുകയാണെന്നും, ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അവർ ഹോർമുസ് കടലിടുക്കിൽ നിന്ന് പിൻവാങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹോർമുസ് കടലിടുക്കും അറേബ്യൻ ഗൾഫും റെവല്യൂഷണറി ഗാർഡ് നേവിയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും, ഒമാൻ കടലാകട്ടെ സാധാരണ നാവികസേനയുടെ നിയന്ത്രണത്തിലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധങ്ങൾ ഒമാൻ കടലിന് പുറത്തുള്ള മേഖലകളിലാണ് നടപ്പാക്കുന്നത്. അമേരിക്കൻ സൈന്യം ഇന്ന് ദയനീയവും നിരാശാജനകവുമായ അവസ്ഥയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നതെന്നും, ഇറാനെ ഭീഷണിപ്പെടുത്താനോ അഹങ്കാരത്തോടെ പെരുമാറാനോ ശ്രമിക്കുന്ന ഏത് ശത്രുവിനെയും ശക്തമായി നേരിടുമെന്നും അലി അസ്മയി മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







