റിയാദ്- സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉംറ തീർത്ഥാടകർക്കും നേരെ നടത്തിയ ഹീനമായ ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ ഹൂത്തികൾ നേരിടേണ്ടിവരുമെന്ന് സൗദി മന്ത്രിസഭ മുന്നറിയിപ്പ് നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് കടുത്ത മുന്നറിയിപ്പ് നൽകിയത്. ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ മന്ത്രിസഭ, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
മാതൃരാജ്യത്തെയും ജനങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും സംരക്ഷിക്കുന്നതിൽ സൗദി സായുധ സേന നടത്തുന്ന നിർണ്ണായക പങ്കിനെ മന്ത്രിസഭ യോഗത്തിൽ പ്രശംസിച്ചു.
റിയാദിൽ ഡ്രോൺ ആക്രമണശ്രമം വിഫലമാക്കിയതായി സഖ്യസേന
രാജ്യത്തിന്റെ സുരക്ഷയ്ക്കും ചെങ്കടലിലും ബാബൽ മന്ദബ് കടലിടുക്കിലും യാത്രാ സ്വാതന്ത്ര്യത്തിനുമുള്ള ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ കൗൺസിൽ, അന്താരാഷ്ട്ര സമാധാനത്തിനും ആഗോള വിതരണ ശൃംഖലകൾക്കും ഭീഷണിയാകുന്ന ഹൂത്തി ഭീകരരുടെ നീക്കങ്ങൾ നിർവീര്യമാക്കാൻ സഖ്യസേന നടത്തുന്ന സൈനിക നടപടികളെ പിന്തുണച്ചു. ഹൂത്തി അട്ടിമറി ഗ്രൂപ്പിന്റെ അതിക്രമങ്ങളെ അപലപിച്ച സഹോദര സൗഹൃദ രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും സൗദി നന്ദി അറിയിച്ചു.
അതിനിടെ, ആക്രമണങ്ങളെ തുടർന്ന് തടസ്സപ്പെട്ട കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈനിലൂടെയുള്ള എണ്ണ പ്രവാഹം അതിവേഗം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതിനെയും മന്ത്രിസഭ പ്രശംസിച്ചു. അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രാജ്യത്തിന്റെ ഊർജ സംവിധാനത്തിന്റെ ഉയർന്ന പ്രവർത്തനശേഷിയാണ് ഇത് തെളിയിക്കുന്നത്. അന്താരാഷ്ട്ര വിപണികളിലേക്കുള്ള എണ്ണ വിതരണത്തിന്റെ വിശ്വാസ്യതയും തുടർച്ചയും ഉറപ്പുവരുത്താൻ ഇതിലൂടെ സാധിച്ചുവെന്നും സൗദി മന്ത്രിസഭ വിലയിരുത്തി.







