തെഹ്‌റാൻ- അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഏത് സാഹചര്യവും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കി. വിമാന സർവീസുകളോ റെയിൽവേ ലൈനുകളോ താൽക്കാലികമായി നിരോധിക്കുന്നത് ഉൾപ്പെടെയുള്ള ഏത് ദുഷ്‌കരമായ സാഹചര്യത്തെയും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സർക്കാർ വക്താവ് ഫാത്തിമ മൊഹാജെറാനി അറിയിച്ചു. രാജ്യം യുദ്ധാവസ്ഥയിലായതിനാൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്നും ചില പ്രചാരണങ്ങൾ വെറും കിംവദന്തികൾ മാത്രമാണെന്നും അവർ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾക്കിടയിലും മന്ത്രിസഭയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അത്തരം ആലോചനകൾ നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യു.എസ് പുതിയ ആക്രമണങ്ങൾക്ക് മുതിർന്നാൽ മിഡിൽ ഈസ്റ്റിലുടനീളം പ്രത്യാക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാൻ ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കിയതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ അതിർത്തി മേഖലകളിലും മക്രാൻ തീരത്തും കരസേനാ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും സൈന്യം ഉയർന്ന ജാഗ്രതാ അവസ്ഥയിലാണെന്നും കരസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹി അറിയിച്ചു. തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇറാനെതിരെ എന്ത് നിലപാടും സ്വീകരിക്കാൻ യു.എസ് ഭരണകൂടം തയ്യാറെടുത്തേക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഏത് സാഹചര്യത്തെയും പ്രതിരോധിക്കാൻ സജ്ജമാണെന്ന നിലപാടിൽ ഇറാൻ മുന്നോട്ടുപോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







