റിയാദ്- വിമാനത്താവളത്തിന് നേരെ ഹൂത്തികൾ നടത്തിയ മാരകമായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ ലോകരാജ്യങ്ങൾ ഒന്നടങ്കം ശക്തമായി അപലപിച്ചു.
അക്രമത്തിൽ ഒരു അമേരിക്കൻ പൗരൻ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ആക്രമണം അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സൗദി കിരീടാവകാശിയുമായി സംസാരിക്കുമെന്നും ഹൂത്തികൾക്കെതിരായ പോരാട്ടത്തിൽ അമേരിക്ക പങ്കുചേരുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും അറിയിച്ചു.
സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രുണ്ട്ബർഗും ചൂണ്ടിക്കാട്ടി.
ഖത്തർ, ഈജിപ്ത്, പാകിസ്ഥാൻ, ജോർദാൻ, ഒമാൻ, ഫലസ്തീൻ, സിറിയ തുടങ്ങിയ അറബ്-ഇസ്ലാമിക് രാജ്യങ്ങൾ ആക്രമണത്തെ ശക്തമായി അപലപിക്കുകയും സൗദിയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, സൗദിയിലെ ജപ്പാൻ എംബസി, കൂടാതെ ജി.സി.സി, യൂറോപ്യൻ യൂണിയൻ എന്നിവരും സാധാരണക്കാർക്ക് നേരെയുള്ള ഈ ക്രൂരമായ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







