കുവൈത്ത് സിറ്റി- കുവൈത്തിൽ നായകളെ വളർത്തുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് കർശനമായ പുതിയ നിയമങ്ങൾ നിലവിൽ വന്നു. പൊതുസുരക്ഷ ശക്തിപ്പെടുത്തുക, മൃഗക്ഷേമം ഉറപ്പാക്കുക, പാർപ്പിട മേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ ആഭ്യന്തര മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
പുതിയ നിയമപ്രകാരം നായ്ക്കൾക്കായി ഉടമകൾ നിർബന്ധമായും ഔദ്യോഗിക ലൈസൻസ് നേടിയിരിക്കണം. രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയ മെറ്റൽ ടാഗ് പതിച്ച കോളർ നായ്ക്കളുടെ കഴുത്തിൽ അണിയിക്കണം. കൂടാതെ, അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ നിന്ന് നായ്ക്കളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും വാർഷിക ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ള നിർബന്ധിത പേവിഷബാധ (റാബീസ്) പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുകയും വേണം.
പൊതുറോഡുകളിലോ നടപ്പാതകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ നായ്ക്കളെ കൊണ്ടുപോകുമ്പോൾ, ഉടമകൾ അവയെ ലീഷിൽ (നിയന്ത്രണച്ചങ്ങലയിൽ) ബന്ധിക്കുകയും മുഖാവരണം (മസിൽ) ധരിപ്പിക്കുകയും വേണം. പേവിഷബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഉടൻ തന്നെ വെറ്ററിനറി കേന്ദ്രത്തെ വിവരം അറിയിക്കണം. രോഗം ബാധിച്ച് ചത്തതോ രോഗം സംശയിക്കുന്നതോ ആയ മൃഗങ്ങളെ അശാസ്ത്രീയമായി സംസ്‌കരിക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവോ, 30 കുവൈത്ത് ദീനാറിൽ അധികം പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുആരോഗ്യം സംരക്ഷിക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനും ഉത്തരവാദിത്തത്തോടെയുള്ള വളർത്തുമൃഗ പരിപാലനം അത്യന്താപേക്ഷിതമാണെന്നും, ലൈസൻസിംഗ് ഉൾപ്പെടെയുള്ള നിബന്ധനകൾ ഉടമകൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







