ജിദ്ദ. മക്കയിലെ സഫാ രാജകൊട്ടാരത്തിൽ ഓഗസ്റ്റ് ഏഴിന് രൂപം കൊണ്ട പുതിയ മക്ക സഖ്യം ഗൾഫ് മേഖലയിലെ രാഷ്ട്രീയ, സൈനിക സമവാക്യങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് ഒരു സംയുക്ത പ്രതിരോധ കരാർ ഒപ്പുവച്ചിരിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലുമൊന്നിനെതിരായ സായുധ ആക്രമണം, മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന വ്യവസ്ഥയാണ് ‘മക്ക കരാറിന്റെ’ കാതൽ.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. പ്രത്യക്ഷത്തിൽ പ്രതിരോധ കരാർ ആണെങ്കിലും സൈനിക മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ വ്യാപ്തി. സാമ്പത്തികവും ജനസംഖ്യാപരവും പ്രതിരോധപരവുമായ കരുത്തുള്ള മൂന്ന് രാജ്യങ്ങളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുകയാണ് കരാർ. ഈ രാജ്യങ്ങളുടെ സംയുക്ത ജിഡിപി 3.29 ട്രില്യൻ ഡോളറിലധികം വരും.
സാമ്പത്തിക, സൈനിക, ജനസംഖ്യാ കണക്കുകളിലെ പ്രബലർ
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), സ്റ്റോക്ക്ഹോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഐക്യരാഷ്ട്രസഭയുടെ യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡെവലപ്മെന്റ്, സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് എന്നീ ഏജൻസികളുടെ കണക്കുകൾ പ്രകാരം ഈ രാജ്യങ്ങളുടെ സാമ്പത്തിക, സൈനിക, വ്യാപാര ശക്തിയുടെ ഒരു രൂപം നമുക്ക് ലഭിക്കും.
ഈ സഖ്യത്തിൽ തുർക്കിയുടെ സമ്പദ്‌വ്യവസ്ഥയാണ് വലുത്. 2025ൽ ഏകദേശം 1.6 ട്രില്യൻ ഡോളറായിരുന്നു തുർക്കിയുടെ ജിഡിപി. 1.28 ട്രില്യൻ ഡോളറുമായി സൗദി അറേബ്യ രണ്ടാമതും 408 ബില്യൻ ഡോളറുമായി പാകിസ്ഥാൻ മൂന്നാമതുമാണ്. ഈ സാമ്പത്തിക കരുത്തിനപ്പുറം ജനസംഖ്യാ കരുത്തുമുണ്ട്. മൂന്ന് രാജ്യങ്ങളുടേയും ആകെ ജനസംഖ്യ ഏകദേശം 36.3 കോടിയാണ്. 24.2 കോടിയുമായി പാകിസ്ഥാനാണ് മുന്നിൽ. തുർക്കിയുടേത് 8.61 കോടിയും സൗദി അറേബ്യയിൽ 3.53 കോടിയുമാണ് ജനസംഖ്യ.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ജി20യുടെ ഭാഗമാണ് സൗദിയും തുർക്കിയും. ഇതോടൊപ്പം ലോകത്തിലെ ആണവായുധം സ്വന്തമായുള്ള വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ ഒന്നായ പാകിസ്ഥാൻ കൂടി ചേരുന്നതോടെ സഖ്യത്തിന് തന്ത്രപരമായ മറ്റൊരു മാനം കൂടി കൈവരുന്നു.
പ്രതിരോധ വിപണി
പ്രതിരോധ ആവശ്യങ്ങൾക്ക് വേണ്ടി പണം ചെലവിടുന്നതിൽ സൗദി അറേബ്യയാണ് ഈ മൂന്ന് രാജ്യങ്ങളിൽ ഒന്നാമത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 83.2 ബില്യൻ ഡോളർ സൈനികാവശ്യങ്ങൾക്കായി ചെലവഴിച്ച സൗദി, ഇങ്ങനെ ചെലവിടുന്നതിൽ ലോകത്ത് എട്ടാം സ്ഥാനത്താണ്. 30 ബില്യൻ ഡോളറുമായി തുർക്കി 18ാം സ്ഥാനത്തും 11.9 ബില്യൺ ഡോളറുമായി പാകിസ്ഥാൻ 31-ാം സ്ഥാനത്തുമാണ്.
മൂന്ന് രാജ്യങ്ങളുടെയും സംയുക്ത സൈനിക ചെലവ് ഏകദേശം 125.1 ബില്യൻ ഡോളർ വരും. പ്രതിരോധ വിപണിയിലെ മൂന്ന് വലിയ പ്രബലരുടെ ശേഷിയാണ് ഇത് സൂചിപ്പിക്കുന്നത്.
കയറ്റുമതി വ്യാപാരം
വ്യാപാര രംഗമെടുത്താൽ സൗദി അറേബ്യയ്ക്കാണ് മുൻതൂക്കം. 2025ൽ ഏകദേശം 320 ബില്യൻ ഡോളറിന്റെ ചരക്കുകൾ സൗദി കയറ്റുമതി ചെയ്തു. തുർക്കി ഏകദേശം 273 ബില്യൻ ഡോളറും പാകിസ്ഥാൻ 30.6 ബില്യൻ ഡോളറും കയറ്റുമതി ചെയ്തു.
മൂന്ന് രാജ്യങ്ങളുടെയും മൊത്തം കയറ്റുമതി ഏകദേശം 623.6 ബില്യൻ ഡോളറാണ്. കരാറിന്റെ സാമ്പത്തികവും പ്രതിരോധപരവുമായ കരുത്തിന് ഇത് വ്യാപാരത്തിന്റെ മാനം കൂടി നൽകുന്നു.
വിദേശ നിക്ഷേപം
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിലും സൗദി അറേബ്യയാണ് മുന്നിൽ. കഴിഞ്ഞ വർഷം 32.6 ബില്യൻ ഡോളറാണ് സൗദിയിലേക്ക് എത്തിയത്. ഈ കാലയളഴിൽ തുർക്കിയിലെത്തിയത് 12.5 ബില്യൻ ഡോളറും പാകിസ്ഥാനിലെത്തിയത് 1.85 ബില്യൻ ഡോളറുമാണ്. ഈ മൂന്ന് രാജ്യങ്ങൾക്കുമായി കഴിഞ്ഞ വർഷം ലഭിച്ച വിദേശ നിക്ഷേപം ഏകദേശം 47 ബില്യൻ ഡോളറാണ്. ഇതിന്റെ 70 ശതമാനത്തോളം സൗദിയുടേത് മാത്രമാണെന്നത് മൂന്ന് സമ്പദ്‌വ്യവസ്ഥകളുടെയും നിക്ഷേപ കരുത്തിൽ സൗദിയുടെ സ്ഥാനവും പ്രാധാന്യവും സൂചിപ്പിക്കുന്നതാണ്.
ഈ കരാറിനെ കുറിച്ച് ആരംഭിച്ചിട്ടുള്ള ചർച്ചകളെല്ലാം ഇപ്പോൾ പ്രതിരോധ, സൈനിക കൂട്ടായ്മ എന്ന പോയിന്റിൽ മാത്രം ചുറ്റിപറ്റിയാണ് നടക്കുന്നത്. മേഖലയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ ചർച്ചകൾ സ്വാഭാവികവുമാണ്.
വിശാല അർത്ഥത്തിൽ പരിശോധിക്കുമ്പോൾ മക്ക കരാർ ഒരു സംയുക്ത പ്രതിരോധ കരാർ എന്നതിലപ്പുറം, കുറവുകളെ പരസ്പരം പൂരിപ്പിക്കുന്ന മികച്ച സാമ്പത്തിക ശേഷിയും, കരുത്തുറ്റ സൈനിക ശേഷിയുമുള്ള രാജ്യങ്ങളുടെ ഒരു സംഖ്യമാണ്. പുതിയ വിപണി, വ്യാപാര സാധ്യതകളും ഇത് തുറന്നിടുന്നുണ്ട്. 38 കോടിയോളം വരുന്ന ജനസംഖ്യയുള്ള വിപണിയും, 3.3 ട്രില്യൻ ഡോളർ വലുപ്പമുള്ള സമ്പദ്‌വ്യവസ്ഥയും, 630 ബില്യൻ ഡോളറിലധികം കയറ്റുമതി വ്യപാരവും, പ്രതിവർഷം 125 ബില്യൻ ഡോളറിലധികം വരുന്ന സൈനിക ചെലവുമെല്ലാം പരിഗണിക്കുമ്പോൾ, ഈ രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധങ്ങൾക്ക് സാമ്പത്തികവും വ്യാപാരപരവും തന്ത്രപരവുമായ പുതിയ മാനങ്ങൾ കൂടി കൈവരുന്നുണ്ട്.







