തെഹ്റാൻ- ഇറാന്റെ സമ്പദ് വ്യവസ്ഥ ഉടൻ തകരുമെന്ന യു.എസിന്റെ പ്രവചനങ്ങൾ ഭ്രമാത്മകവും യാഥാർഥ്യത്തിന് നിരക്കാത്തതുമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഇറാൻ (സി.ബി.ഐ) ഗവർണർ അബ്ദുന്നാസർ ഹിമ്മതി. രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വിദേശനാണ്യ ശേഖരം നിലവിലുണ്ടെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.
ഇറാന്റെ സമ്പദ് വ്യവസ്ഥ രണ്ടാഴ്ചയ്ക്കുള്ളിൽ തകരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രവചിച്ചിരുന്നു. എന്നാൽ ഈ വാദത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഹിമ്മതി, അന്തിമഫലം വരുന്നത് വരെ കാത്തിരിക്കണമെന്ന അർത്ഥത്തിൽ ‘ശരത്കാലത്തിന്റെ അവസാനത്തിലാണ് കോഴികളെ എണ്ണുന്നത്’ എന്ന പ്രശസ്തമായ പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് മറുപടി നൽകിയത്. ഷഫഖ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൈനിക ലക്ഷ്യങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് യു.എസ് ഇറാന്റെ വിദേശനാണ്യ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും ലക്ഷ്യമിട്ട് സാമ്പത്തിക യുദ്ധത്തിലേക്ക് തിരിഞ്ഞതെന്ന് ഹിമ്മതി ആരോപിച്ചു. വിപണിയെ സ്ഥിരപ്പെടുത്താനുള്ള നിയമപരമായ എല്ലാ സംവിധാനങ്ങളും കേന്ദ്ര ബാങ്കിന്റെ പക്കലുണ്ട്. ഇറാന്റെ സമ്പദ് വ്യവസ്ഥ ഉടൻ തകരുമെന്ന യു.എസിന്റെ വാദങ്ങൾ വിശ്വസനീയമല്ലെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ മുഹ്‌സിൻ റെസായിയും ആവർത്തിച്ചു വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







