ജിദ്ദ- ‘വിശ്വാസം – കുടുംബം – സമൂഹം’ എന്ന ശീർഷകത്തിൽ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നവംബർ 20ന് മഹ്ജറിലെ അൽ ഖുബ്ബ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് 2.0 യുടെ ഏരിയാ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഖാലിദ് ബിൻ വലീദ് ഏരിയയിൽ തുടക്കമായി.
അനസ് ബിൻ മാലിക് സെന്ററിൽ നടന്ന ഖാലിദ് ബിൻ വലീദ് ഏരിയാ പ്രചാരണ ഉദ്ഘാടന സംഗമം സുനീർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സിദ്ദാപുരം സലഫീ മസ്ജിദ് ഖതീബ് റിയാസ് ഉളിയിൽ പ്രഭാഷണം നിർവ്വഹിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യകൾ സ്വായത്തമാക്കി മനുഷ്യൻ പുതിയ ലോകം സൃഷ്ടിക്കാനൊരുങ്ങുമ്പോഴും, ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ വിളക്കിച്ചേർക്കുവാനോ അധാർമ്മികതകൾ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ പരിസരങ്ങളെ വിമലീകരിക്കുവാനോ ഉള്ള ഫോർമുല കണ്ടെത്താൻ സാധിക്കാതെ മനുഷ്യൻ അലഞ്ഞുകൊണ്ടിരിക്കുകയാണെന്നും, യഥാർത്ഥ വിശ്വാസത്തിലേക്ക് മടങ്ങുകയും പരലോകത്തെക്കുറിച്ചുള്ള ബോധമുണ്ടാവുകയും ചെയ്യുക എന്നത് മാത്രമാണ് പരിഹാരമാർഗമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മതബോധവും പരലോകചിന്തയുമുള്ള വ്യക്തികൾക്ക് മാത്രമേ നല്ല കുടുംബങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ. ലിബറലിസത്തിന്റെയുമ മതനിരാസത്തിന്റെയുമ സാമൂഹ്യ പരിസരങ്ങളിൽ നിന്നും, ലഹരിയുടെയും റീൽസിന്റെയും മായീക ലോകത്തുനിന്നും ധാർമ്മികതയും മൂല്യവും ചോർന്നുപോകാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഉത്തമ കുടുംബങ്ങൾ നിർവഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
വിസ്ഡം സൗദി വെസ്റ്റേൺ റീജ്യണൽ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ പൂങ്ങാടൻ, കെ. എം. സി. സി. ഖാലിദ് ബിൻ വലീദ് ഏരിയാ പ്രസിഡണ്ട് അബ്ദുൽ റഷീദ് പി. കെ., ഒ. ഐ. സി. സി. പ്രതിനിധി റഫീഖ് മൂസ, ഐ. ടി. സോക്കർ ക്ലബ്ബ് മാനേജർ നാസർ എസ്. വി., സോഷ്യൽ വർക്കർ അലി ഹസൻ എന്നിവർ പസംസാരിച്ചു. ജെ. ഡി. സി. സി. ഏരിയാ പ്രസിഡണ്ട് അബ്ദുർറസാഖ് ഇരിക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷമീർ എടത്തനാട്ടുകര സ്വാഗതവും ട്രഷറർ അബ്ദുർറഹീം എടക്കര നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







