അബുദാബി- ലോക അധ്യാപക ദിനത്തിൽ തന്റെ പഴയകാല അധ്യാപകന് ആദരമർപ്പിച്ച് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമാകുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓർമ്മ ചിത്രത്തോടൊപ്പം രാജ്യത്തെ എല്ലാ അധ്യാപകർക്കും അദ്ദേഹം തന്റെ നന്ദിയും ആദരവും അറിയിച്ചു.
1971 ഏപ്രിൽ 29നാണ് ഈ ചിത്രം പകർത്തിയത്. തന്റെ അധ്യാപകനായ അഹമ്മദ് ഇബ്രാഹിം മന്ദിക്ക് ഷെയ്ഖ് മുഹമ്മദ് സ്വന്തം കൈപ്പടയിൽ കുറിച്ച സന്ദേശത്തോടെയാണ് ചിത്രം നൽകിയിരുന്നത്. ‘ഒരു ഓർമ്മയ്ക്കായി പ്രിയപ്പെട്ട അഹമ്മദ് ഇബ്രാഹിം മന്ദിക്ക് നന്ദിയോടെ ഇത് സമർപ്പിക്കുന്നു. മുഹമ്മദ് സായിദ്,’ എന്നായിരുന്നു ആ സന്ദേശം. 55 വർഷങ്ങൾക്ക് ശേഷം ഈ ഓർമ്മചിത്രം പങ്കുവെച്ചുകൊണ്ട്, രാജ്യത്തിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന നിസ്തുലമായ പങ്കിനെ യുഎഇ പ്രസിഡന്റ് പ്രകീർത്തിച്ചു.
എല്ലാവരും ഈ ദിനം സ്വന്തം അധ്യാപകരെ ഓർക്കാനും ജീവിതത്തിൽ അവർ ചെലുത്തിയ സ്വാധീനത്തിന് നന്ദി പറയാനുമുള്ള അവസരമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യു എ ഇ രൂപീകരണ കാലഘട്ടത്തിൽ അബുദാബിയിലെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകിയ ആദ്യകാല അധ്യാപകരിൽ ഒരാളാണ് അഹമ്മദ് ഇബ്രാഹിം മന്ദി അൽ തമീമി. 1970കളുടെ തുടക്കത്തിൽ അൽ കിന്ദി സ്‌കൂളിൽ വെച്ചാണ് ഷെയ്ഖ് മുഹമ്മദ് അദ്ദേഹത്തിന്റെ ശിഷ്യനാകുന്നത്.
ക്ലാസ് മുറികൾക്കപ്പുറവും ഊഷ്മളമായി തുടർന്ന ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. 2017ൽ അബുദാബി കിരീടാവകാശിയായിരിക്കെ ഷെയ്ഖ് മുഹമ്മദ് അബുദാബി ഖലീഫ സിറ്റിയിലുള്ള അഹമ്മദ് ഇബ്രാഹിം മന്ദിയുടെ വസതി സന്ദർശിക്കുകയും സ്‌കൂൾ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ ജീവിതവും അറിവും നീക്കിവെച്ച ആദ്യകാല അധ്യാപകർ എന്നും സമൂഹത്തിന് മാതൃകയാണെന്ന് അന്ന് അദ്ദേഹം സ്മരിച്ചിരുന്നു.







